കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വിചാരണക്കോടതിയിലെ നടപടികൾ തുടരാം. കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവിന്റെ പകർപ്പ് വിചാരണക്കോടതിക്ക് അയയ്ക്കാൻ രജിസ്ട്രിക്ക് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദ്ദേശം നൽകി.
പെട്ടെന്നുണ്ടായ പ്രകോപനംമൂലമാണ് അക്രമാസക്തനായതെന്നും കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതാണ് ഡോ. വന്ദനയുടെ മരണകാരണമെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. സാക്ഷികളുടെ മൊഴിയിൽനിന്നും തെളിവുകളിൽനിന്നും പ്രതിയുടെ പങ്ക് വ്യക്തമാണ്. വന്ദനയുടെ ശരീരത്തിലെ മരണകാരണമായ മുറിവുകളും കുറ്റകൃത്യത്തിന്റെ ഗുരുതരസ്വഭാവം വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം മേയ് പത്തിന് രാത്രി പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്.