ആലുവ: എടയപ്പുറം കെ.എം.സി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ വിദ്യാരംഗം കലാവേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. ബഷീറിന്റെ നോവലിലെ വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നിരവധി വിദ്യാർത്ഥികളെത്തി. ചിത്രരചന, ചാർട്ട് പ്രദർശനം തുടങ്ങിയവയും രക്ഷിതാക്കൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.എം. മനോഷ്, വിനീത ടീച്ചർ, വിദ്യാരംഗം കൺവീനർ മേരി ഷെൻസ ടീച്ചർ, റിനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ആലുവ: ചാലയ്ക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയുടെയും ചാലക്കൽ ദാറുസലാം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബഷീറും കുട്ടികളും എന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെരീം കല്ലുകൾ അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ, ദാറുസലാം ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകൻ ഫാരിസ്, ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ എന്നിവർ സംസാരിച്ചു
നെടുമ്പാശേരി: കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയും കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സ്‌കൂൾ മാനേജർ ഫാദർ ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ബഷീറിന്റെ രചനകളെ കുറിച്ച് സംസാരിച്ചു. സ്‌കൂൾ വിദ്യാർത്ഥിനി അതുല്യ അജയകുമാർ ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ പൂവൻപഴം എന്ന കൃതിയുടെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു.