കൊച്ചി: കളമശേരി മണ്ഡലത്തിലെ തടിക്കടവ് പാലം സൗന്ദര്യവത്കരിക്കുന്നതിന് 68.92ലക്ഷംരൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കെൽട്രോണിനാണ് നിർവഹണച്ചുമതല. കളമശേരി മണ്ഡലത്തിലെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ദീപങ്ങളും ചിത്രങ്ങളും കൊണ്ടലങ്കരിച്ച് മനോഹരമാക്കുക, ഇരിപ്പിടങ്ങൾ തയ്യാറാക്കുക, മറ്റ് വിശ്രമസൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

ആലങ്ങാട് പഴന്തോട് ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഇവിടെ വിശ്രമകേന്ദ്രവും ഒപ്പം ബോട്ടിംഗും സാദ്ധ്യമാക്കും. ഏലൂർഫെറി സൗന്ദര്യവത്കരണത്തിനുള്ള 94.50 ലക്ഷം രൂപയുടെ പദ്ധതിയും ഉടനെ നിർമ്മാണഘട്ടത്തിലേക്ക് കടക്കും. ഏലൂർഫെറി ലാൻഡ്‌സ്‌കേപ്പിംഗ്, കോഫിഷോപ്പ്, ടോയ്‌ലെറ്റ് കോംപ്ലക്‌സ് നിർമ്മാണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

കരുമാലൂർ പഞ്ചായത്ത് കടവ് ആറ്റിപ്പുഴക്കാവ് തുരുത്ത് പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.