കൊച്ചി: മൾട്ടിലെവൽ മാർക്കറ്റിംഗിന്റെയും ക്രിപ്‌റ്റോ കറൻസിയുടെയും പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്ത ഹൈറിച്ച് കമ്പനി മാനേജിംഗ് ഡയറക്‌ടർ കെ.ഡി. പ്രതാപനെ 19 വരെ റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡിയിൽ കിട്ടാൻ ഇ.ഡി അടുത്തയാഴ്ച അപേക്ഷ സമർപ്പിക്കും.

കള്ളപ്പണ നിരോധനനിയമം കൈകാര്യം ചെയ്യുന്ന കോടതിയിലാണ് പ്രതാപനെ ഹാജരാക്കിയത്. മൾട്ടിലെവൽ മാർക്കറ്റിംഗിന് പങ്കാളികളാക്കിയും വൻപലിശ വാഗ്ദാനം ചെയ്ത് ക്രിപ്‌റ്റോ കറൻസി നിക്ഷേപം സ്വീകരിച്ചും 1,157 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. തുക ഹവാല ഉൾപ്പെടെ മാർഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കള്ളപ്പണമായി കടത്തിയെന്നാണ് കണ്ടെത്തിയത്.