കാലടി: ചെങ്ങൽ ഉടുമ്പുഴ തോടിന്റെ നീരൊഴുക്ക് സുഗമമാക്കാൻ സിയാലിന്റെ അമൃതവാഹിനി പദ്ധതിയിൽ തോടിനെ ഉൾപ്പെടുത്തണമെന്ന പ്രമേയം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഐക്യകണ്ഠേന അംഗീകരിച്ചു. കാലടി പഞ്ചായത്തിന്റെയും കാഞ്ഞൂർ പഞ്ചായത്തിന്റെയും നാല് വാർഡുകളിലൂടെ കടന്നുപോകുന്ന ചെങ്ങൽ ഉടുമ്പുഴ തോട് കാടുപിടിച്ച് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ചെറിയ മഴ പെയ്താലും വെള്ളം ഒഴുകിപ്പോകാതെ സമീപ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്.കൂടാതെ പ്രദേശത്തെ കിണറുകളിലെ ജലം ചെളി മയവും രൂക്ഷഗന്ധവും മൂലം ഉപയോഗശൂന്യമാണ്. ബ്ലോക്ക് ഡിവിഷൻ മെമ്പർ ആൻസി ജിജോ പ്രമേയം അവതരിപ്പിച്ചു.