പറവൂർ: ദേശീയപാത 66ന്റെ ഭാഗമായി നിർമ്മിച്ച കൂനമ്മാവ് പള്ളിപ്പടി - പള്ളിക്കടവ് സർവീസ് റോഡിലെ ചെളിയിൽ സ്കൂട്ടർ മറിഞ്ഞുവീണ് യാത്രക്കാരിയുടെ കാലൊടിഞ്ഞു. റോഡിന്റെ മുഴുവൻ ഭാഗവും ചെളിയാണ്. കാൽനടയാത്രക്കാർക്ക് ഇതിലൂടെ പോകാൻ സാധിക്കുന്നില്ല. കുട്ടികൾക്കടക്കം ഒരു പ്രദേശത്തെ നിരവധിയാളുകളാണ് ദിനം പ്രതി റോഡിലൂടെ കടന്നു പോകുന്നത്. ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നതും പതിവാണ്. ദേശീയപാത അധികൃതരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളൊന്നുമില്ലെന്ന് യാത്രക്കാർ പറഞ്ഞു. വലിയവാഹനങ്ങൾ സർവീസ് റോഡിലൂടെ കടന്നുപോകുന്നതാണ് ചെളി കൂടാൻ കാരണം. ഇവ തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.