നെടുമ്പാശേരി: സ്‌കൂൾ പി.ടി.എ യോഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. കപ്രശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആലുവ എടയപ്പുറം വെളിയത്ത് വീട്ടിൽ വി.വി. മോഹനനാണ് (67) മരിച്ചത്. കപ്രശേരി ഗവ. യു.പി സ്കൂളിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോഹനന്റെ മൂത്തമകന്റെ കുട്ടി കപ്രശേരി സ്കൂളിലാണ് പഠിക്കുന്നത്. പി.ടി.എ യോഗത്തിൽ മോഹനൻ സംസാരിച്ച് തീരുംമുമ്പേ കുഴഞ്ഞുവീഴുകയായിരുന്നു. ഏലൂർ ഇന്ത്യൻ അലുമിനിയം കമ്പനി (എക്‌സ്ട്രൂഷൻ) ജീവനക്കാരനും കമ്പനിയിലെ വർക്കേഴ്‌സ് യൂണിയൻ ഭാരവാഹിയുമായിരുന്നു. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം നാളെ (ഞായർ) രാവിലെ 11ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ: ലത. മക്കൾ: ലിജിൻ, സിജിൻ. മരുമക്കൾ: സേതുലക്ഷ്മി, ജിത.