തൃപ്പൂണിത്തുറ: വാക്കുതർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറെ പൊട്ടിയ ബിയർകുപ്പിക്ക് കുത്തി പരിക്കേല്പിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. ഉദയംപേരൂർ കണ്ണേമ്പിള്ളിവീട്ടിൽ വിനൂബാണ് (34) പിടിയിലായത്. ഇന്നലെ വൈകിട്ട് 3.10 ന് നടക്കാവ് ഭാഗത്തുവച്ചാണ് സംഭവം.
ഹൈക്കോർട്ട് - പൂത്തോട്ട റൂട്ടിലോടുന്ന വേളാങ്കണ്ണിമാതാ എന്ന ബസിലെ കണ്ടക്ടർ ഇലഞ്ഞി പാറേക്കണ്ടത്തിൽ ജെയിൻ (23) യാത്രക്കാരനായ വിനൂബിനോട് മുന്നിലേക്ക് കയറിനിൽക്കാൻ ആവശ്യപ്പെട്ടതോടെ രോഷാകുലനായ ഇയാൾ കണ്ടക്ടറുടെ ഇടതുകൈയിൽ കടിക്കുകയായിരുന്നു. തുടർന്ന് ബസിൽ നിന്നിറങ്ങിയശേഷം പുറത്തുകിടന്നിരുന്ന ബിയറിന്റെ പൊട്ടിയകുപ്പിക്ക് കണ്ടക്ടറെ കുത്തി. കണ്ടക്ടറെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.