കൊച്ചി: ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സംവരണ സംരക്ഷണ സമ്മേളനം അഡ്വ. കെ. രാംകുമാർ ഉദ്ഘാടനം ചെയ്തു. ഭരണഘടനയിലെ പലഭാഗത്തും ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള വിശാലമനസ്കത ഹിന്ദു സംസ്കാരത്തിന്റെ പ്രതീകമായി നേതാക്കന്മാർ കാണിച്ചു. ഇത് ബലഹീനതയായാണ് പലരും ചിന്തിച്ചത്. ഇത് ബലഹീനതയല്ല. ആത്മധൈര്യം കൊണ്ട് ചെയ്തതാണ്.
ബംഗ്ലാദേശിൽ മതേതരത്വത്തിനായി വാദിച്ച തസ്ലീമ നസ്റിന് നിൽക്കക്കള്ളിയില്ലാതെ കൊൽക്കത്തയിൽ അഭയംതേടേണ്ടിവന്നു. വിദ്യാഭ്യാസം മുതൽ രാഷ്ട്രീയ രംഗത്തുവരെ തീവ്രമതവാദത്തിന്റെ നീരാളിപ്പിടിത്തം വർദ്ധിച്ചു. സകലനിയമങ്ങളും കാറ്റിൽപ്പറത്തുകയാണ്. വയനാട്ടിലും അട്ടപ്പാടിയിലുമുള്ള ഊരുകളിലേക്ക് സംവരണം എത്തുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതിലും പരിതാപകരമാണ് സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അനിരുദ്ധൻ തന്ത്രി ഭദ്രദീപം തെളിച്ചു.
സാമൂഹ്യപ്രവർത്തകൻ എം.കെ. കുഞ്ഞോൽ, സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വടക്കൻമേഖല സമ്മേളനം 10ന് കോഴിക്കോട് നടക്കും.