• ഹൈക്കോടതി ജഡ്ജിയുടെ കാർ കുടുങ്ങി
കൊച്ചി: കടലാക്രമണം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണമാലിയിൽ ജനങ്ങൾ തീരദേശപാത ഉപരോധിച്ചു. അതിനിടെ ആലപ്പുഴയിലേക്ക് പോയ ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസിന്റെ കാറും ഉപരോധത്തിൽ കുടുങ്ങി. ജഡ്ജിയുടെ വാഹനം കടത്തിവിടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. തുടർന്ന് ജഡ്ജി തിരികെ പോയി. ഇന്നലെ പുലർച്ചയോടെ സ്ത്രീകളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധം ആരംഭിച്ചത്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് സ്ഥലത്തെത്തി ചർച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ മന്ത്രിക്കെത്താനാവില്ലെന്ന് അറിയിച്ചതോടെ കളക്ടർ എത്തണമെന്നായി നിലപാട്. തിരുവനന്തപുരത്തായിരുന്ന കളക്ടർ എൻ.എസ്.കെ ഉമേഷ് ഉച്ചയ്ക്കെത്തിയാണ് താത്കാലിക ഒത്തുതീർപ്പുണ്ടാക്കിയത്. തുടർന്ന് ഉപരോധം പിൻവലിച്ചു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യത്തിന് എത്രയുംവേഗം നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും.