ആലുവ: ആലുവ മാർക്കറ്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് വിജിലൻസ് സംഘം ആലുവ നഗരസഭ കാര്യാലയത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി. നിർദ്ദിഷ്ട കെട്ടിടത്തിൽ മുറി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരികളിൽ നിന്ന് നഗരസഭ മുൻകൂറായി ലക്ഷങ്ങൾ സ്വീകരിച്ചിരുന്നു. ഈ തുക കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാതെ വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധനയെന്നാണ് സൂചന. ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് നാല് വരെ നീണ്ടു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട ചില ഫയലുകളുടെ ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും ഇന്നലെ അവധിയിലായതിനാൽ ഇവരിൽ നിന്നും മൊഴിയെടുക്കാനോ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. നഗരസഭാ ചെയർമാൻ എം.ഒ. ജോണും സൂപ്രണ്ടും ഓഫീസിലുണ്ടായിരുന്നു.