കൊച്ചി: കയറ്റുമതി നിയന്ത്രണം ലംഘിച്ച് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ വഴി അരിക്കടത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കസ്റ്റംസ് പ്രത്യേക അന്വേഷണവിഭാഗം ഏറ്റെടുത്തു. ഉപ്പ് എന്ന വ്യാജേനെ 11 കണ്ടെയ്‌നറുകളിലായി 220 ടൺ അരി കടത്താനായിരുന്നു ശ്രമം. വിവിധ ദിവസങ്ങളിലായാണ് അരി പിടിച്ചെടുത്തത്.ആദ്യം മൂന്ന് കണ്ടെയ്നർ അരി ആദ്യ പരിശോധനയിലും എട്ട് കണ്ടെയ്‌ർ അരി വിശദമായ പരിശോധനയിലുമാണ് കണ്ടെത്തിയത്. പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി റിപ്പോർട്ട് പ്രത്യേക അന്വേഷണ വിഭാഗത്തിന് ലഭിച്ചു.
ഒന്നര ആഴ്ചയിലേറെ നീണ്ട നടപടികൾക്ക് ശേഷം ബുധനാഴ്ചയാണ് കണക്കെടുപ്പ് പൂർത്തിയായത്.
ഓരോ കണ്ടെയ്‌നറിലും 25,000 കിലോയിലേറെ അരിയാണുണ്ടായിരുന്നത്. ചെന്നൈയിലും കേരളത്തിലുമുള്ള വ്യാപാരികളാണ് അരി കടത്തിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇവരുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. വൈകാതെ മൊഴി രേഖപ്പെടുത്തും.
തമിഴ്‌നാട്ടിലെ അരി വ്യാപാരികളുടെ പേരിൽ ഉപ്പാണെന്ന് കാണിച്ചാണ് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അരിയെത്തിയത്. അദ്യത്തെ നിരകളിലെ ചാക്കിൽ ഉപ്പായിരുന്നു ഉണ്ടായിരുന്നത്. യു.കെയിലേക്കാണ് അരി കടത്താൻ ലക്ഷ്യമിട്ടിരുന്നത്. ഉപ്പും അരിയും വേർതിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ വെള്ളനിറത്തിലുള്ള ചാക്കുകളിലായിരുന്നു പായ്ക്കിംഗ്. വിദേശത്ത് അരിക്ക് മൂന്നിരട്ടി വിലയാണ്.