കൊച്ചി: വില കുറഞ്ഞ പാലുമായി മിൽമയോട് യുദ്ധത്തിനു വന്ന് പരാജയപ്പെട്ട കർണാടക മിൽക്ക് ഫെഡറേഷന്റെ 'നന്ദിനി" വീണ്ടും കാലിത്തീറ്റയുമായി പോരാട്ടത്തിന് ഒരുങ്ങുന്നു. സഹകരണമേഖലയെ ലക്ഷ്യമിട്ട് എത്തുന്ന എതിരാളിയെ നേരിടാൻ മിൽമ തയ്യാറെടുപ്പു തുടങ്ങി. കഴിഞ്ഞവർഷം മിൽമയുടെ പ്രതിഷേധത്തെ തുടർന്ന് പാലിന് വിലകൂട്ടേണ്ടി വന്ന നന്ദിനി സമ്മർദ്ദം താങ്ങാനാവാതെ കേരള വിപണിയിൽ നിന്ന് പിൻവാങ്ങിയിരുന്നു.
25 ശതമാനത്തിലധികം ചോളം ചേരുന്ന 'നന്ദിനി ഗോൾഡ്" ബ്രാൻഡ് കാലിത്തീറ്റ പത്ത് ദിവസത്തിനകം കേരളത്തിലെമ്പാടും എത്തിക്കും. മിൽമയുടെയും ഇതേ ഗുണനിലവാരത്തിൽ പുറത്തിറങ്ങുന്ന മറ്റ് കമ്പനികളുടെയും കാലിത്തീറ്റകളുമായി വിലയിൽ വ്യത്യാസമില്ല. 50 കിലോ ചാക്കിന് 1,450 രൂപയാണ് നന്ദിനി ഗോൾഡിന്റെ നിരക്ക്. 1394 രൂപയ്ക്ക് വിതരണക്കാർക്ക് നൽകും. 35 രൂപ മൺസൂൺ ഇളവുണ്ട്.
വിലകുറച്ച് വിവാദത്തിന് വഴിതുറക്കേണ്ടെന്നാണ് നന്ദിനി ഭരണസമിതിയുടെ തീരുമാനം. എന്നാൽ കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാനാവുന്ന നിരക്കുകളിൽ കാലിത്തീറ്രകൾ അവതരിപ്പിച്ച് വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യം. വൈകാതെ നന്ദിനി ബ്രാൻഡിലുള്ള മറ്റ് കാലിത്തീറ്റകളും കേരളത്തിലെത്തും.
കർണാടകയിൽ പോലും കർണാടക മിൽക്ക് ഫെഡറേഷനിലൂടെ മാത്രമേ നന്ദിനി കാലിത്തീറ്റ ലഭിക്കൂ. ആദ്യമായാണ് ഇത് പൊതുമാർക്കറ്റിൽ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ക്ഷീരസംഘങ്ങളെയും ഇടത്തരം ഫാമുകളെയുമാണ് ലക്ഷ്യമിടുന്നത്.
മറ്റ് ഉത്പന്നങ്ങൾ
• നന്ദിനി ബൈപ്പാസ്
• കിടാരി തീറ്റ
• അറവുമാട് തീറ്റ
• ബ്രിക്കറ്റ്
വിലവിവരം
• മിൽമ ഗോൾഡ് - 1450
•കെ.എസ്. സുപ്രീം - 1540
• കേരള ഫീഡ് - 1540
• നന്ദിനി ഗോൾഡ് -1450
വിലകുറച്ച് വിപണി പിടിക്കാനല്ല, ഗുണമേന്മയുള്ള കാലിത്തീറ്റ ക്ഷീരകർഷകരിൽ എത്തിക്കാനാണ് നന്ദിനി പ്രാധാന്യം നൽകുന്നത്.
കേരള വക്താവ്
നന്ദിനി കാലിത്തീറ്റ
കേരളത്തിലെ ക്ഷീരസംഘങ്ങളെ ലക്ഷ്യമിട്ട് കുത്തകകളടക്കം രംഗത്തുവരികയാണ്. ഇതിന്റെ ഭാഗമാണ് നന്ദിനിയുടെ രംഗപ്രവേശനവും. മിൽമ ഫെഡറേഷൻ ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും.
എം.ടി. ജയൻ
ചെയർമാൻ
എറണാകുളം മേഖലാ യൂണിയൻ