പറവൂർ: സംസ്ഥാനത്തെ പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതികൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത പാലിയം ഊട്ടുപുര, കൊക്കർണി എന്നിവയുടെയും ചേന്ദമംഗലം ഹോളിക്രോസ് പള്ളി വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം എന്നിവയുടെയും ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. മുസിരിസിൽ ഒരുങ്ങുന്ന വിവിധ സ്മാരക മ്യൂസിയങ്ങളിലൂടെ സഞ്ചരിച്ച് പാലിയം സമരഭൂമി വരെ എത്തിച്ചേരുന്ന ഒരു സഞ്ചാരിക്ക് കേരളചരിത്രത്തിന്റെ മൂവായിരം വർഷങ്ങളുടെ പരിച്ഛേദം പകർന്ന് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനായി. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിംഗ് ഡയറക്ടർ ഡോ. കെ. മനോജ് കുമാർ, ജനപ്രതിനിധികളായ മനോജ് മൂത്തേടൻ, കമല സദാനന്ദൻ, ലീന വിശ്വം, എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, വി.യു. ശ്രീജിത്ത്, ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ആറങ്കാവ് ക്ഷേത്രം, ചേന്ദമംഗലം ഭഗവതിക്ഷേത്രം, പാലിയം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുന്നത്ത് തളി മഹാദേവക്ഷേത്രം, പുതിയതൃക്കോവ് ശിവക്ഷേത്രം, മൂകാംബിക ക്ഷേത്രം, കോട്ടക്കാവ് പള്ളി, ഗോതുരുത്ത് ചെറിയപള്ളി, ഗോതുരുത്ത് വലിയപള്ളി, ചേന്ദമംഗലം ഹോളിക്രോസ് പള്ളി എന്നീ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും മുസിരിസ് പ്രൊജക്ടിന്റെ ഭാഗമായി നടത്തിയിരുന്നു.