കൊച്ചി: കടൽക്ഷോഭത്തിനെതിരെ ഒന്നും ചെയ്യാതെ സർക്കാർ നോക്കി നിൽക്കുന്നതിന് പിന്നിൽ മേഖലയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള ഗൂഢ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടൽക്ഷോഭം രൂക്ഷമായ എടവനക്കാട് തീരദേശ മേഖല സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരിതപൂർണമായ ജീവിതമാണ് തീരപ്രദേശത്തെ സാധാരണക്കാർ നയിക്കുന്നത്. എടവനക്കാട് പഞ്ചായത്തിലെ രണ്ടരകിലോ മീറ്ററോളം ദൂരം രൂക്ഷമായ കടലാക്രമണം നേരിടുകയാണ്. നായരമ്പലത്തും ഇതുതന്നെയാണ് സ്ഥിതി. സാധാരണ മനുഷ്യരുടെ ജീവിതം അസാദ്ധ്യമാക്കുന്ന രീതിയിലാണ് കടലാക്രമണം. സുനാമിക്ക് ശേഷം കടൽ ഭിത്തി പുനഃസ്ഥാപിക്കാൻ പോലും ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഹൈബി ഈഡൻ എം.പി, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ടി.എ. ജോസഫ്, അഡ്വ. ടിറ്റോ ആന്റണി, വി.എസ്. സോളിരാജ് എന്നിവർ വി.ഡി. സതീശന് ഒപ്പമുണ്ടായിരുന്നു. ജനകീയ സമരസമിതി നേതാക്കൾ, ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ തുടങ്ങിയവർ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തി.

കടൽക്ഷോഭം രൂക്ഷമായ എടവനക്കാട് തീരദേശത്ത് ജിഡഫണ്ട് ഉപയോഗിച്ച് ടെട്രോപോഡ് സ്ഥാപിക്കണം കടൽക്ഷോഭം ഉണ്ടാകുമ്പോൾ താത്കാലികമായി സ്ഥാപിക്കുന്ന ജിയോബാഗുകൾ ഒന്നിനും പരിഹാരമല്ല 20 വർഷം മുമ്പുണ്ടായ സുനാമിയിൽ ഇളകി മാറിക്കിടക്കുന്ന കരിങ്കല്ലുകൾ എടുത്ത് വീണ്ടും കടൽഭിത്തി പുനഃസ്ഥാപിക്കണം

കടൽഭിത്തി നിർമ്മിക്കാതെയും ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ നടപ്പാക്കാതെയും ജനങ്ങളെ ദുരിതക്കടലിലേക്ക് തള്ളിവിടുകയാണ്. ഫിഷറീസ് വകുപ്പ് 2000 കോടിയുടെയും 5000 കോടിയുടെയും പാക്കേജുകൾ പ്രഖ്യാപിച്ചതല്ലാതെ ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. മന്ത്രിയുടെ നേതൃത്വത്തിൽ എടവനക്കാട് അടക്കം തീരദേശ സദസുകൾ സംഘടിപ്പിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകി. ഒന്നും നടപ്പാക്കിയില്ല. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പരിഹാരം ഉണ്ടാകുന്നതു വരെ പിന്നോട്ടില്ല

വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ്