മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ മൂന്നു റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി മാത്യു കുഴൽ നാടൻ എം.എൽ.എ അറിയിച്ചു. 2023- 24 ബഡ്ജറ്റിൽ വകയിരുത്തിയ റോഡുകളുടെ ടെൻഡർ നടപടികളാണ് പൂർത്തിയാക്കിയത്. നഗരത്തിലെ ആസാദ് റോഡ് - കീച്ചേരിപ്പടി - കെ.എം.എൽ.പി എസ് റോഡ്, ആശ്രമം കുന്ന് റോഡ്, കാവുങ്കര മാർക്കറ്റ് റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 3 കോടിയുടെ ടെൻഡർ നടപടികളാണ് പൂർത്തിയാക്കിയത്.

കീച്ചേരിപ്പടി - ആട്ടായം - കുറ്റിക്കാട്ടുചാലുപടി റോഡിന്റെ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ റീബിൽഡ് കേരളയിൽപ്പെടുത്തി പൂർത്തിയാക്കിയിരുന്നു. റോഡിന്റെ നഗരസഭ പ്രദേശത്ത് പണികൾ നടത്താനോ ഇതിനായി പണം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാത്യു കുഴൽനാടൻ എം.എൽ.എ ഇടപെട്ട് പദ്ധതി തയ്യാറാക്കിയത്. കീച്ചേരിപ്പടിയിൽ തുടങ്ങി ആട്ടയം ഭാഗത്ത് അവസാനിക്കുന്ന നഗരസഭ പ്രദേശത്തെ നിർമ്മാണത്തിനാണ് തുക വകയിരുത്തിയത്.