spc-elathikkara-scholl-
റോഡ് സുരക്ഷിതമാക്കിയ ഇളന്തിക്കര ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങൾ

പറവൂർ: അപകടങ്ങൾ ഒഴിവാക്കാൻ റോഡ് സുരക്ഷിതമാക്കി ഇളന്തിക്കര ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ഇളന്തിക്കര - പുത്തൻവേലിക്കരയിലെ കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള 400 മീറ്റർ റോഡിന്റെ ഇരുവശത്തെ ചരലും മണലും കോരിമാറ്റിയാണ് സുരക്ഷിതമാക്കിയത്. മഴവെള്ളത്തിലൂടെ ഒഴുകിയെത്തിയ ചരലും മണലും റോഡിൽ പരന്ന് കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് നിരവധി അപകടങ്ങളുണ്ടായി. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് സൈക്കിളിൽ വന്ന വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടു. ഒരു വിദ്യാർത്ഥിക്ക് കൈക്ക് ഒടിവ് പറ്റുകയും മുഖത്ത് പരിക്കേറ്റ് പല്ല് പറിഞ്ഞുപോകുകയും ചെയ്തിരുന്നു. സഹപാഠികളുടെ അപകടം സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് റോഡ് സുരക്ഷിതമാക്കാൻ തയ്യാറായത്. കുട്ടികളുടെ മാതൃകാ പ്രവർത്തനത്തിൽ നാട്ടുകാരും പങ്കാളികളായി. ഹെഡ്മിസ്ട്രസ് വി. സുനിത, എസ്.പി.സി അദ്ധ്യാപകരായ രഞ്ജിത്ത് മാത്യു, എം.വി. സിനി എന്നിവർ നേതൃത്വം നൽകി.