ആലുവ: തകർന്നു തരിപ്പണമായ റോഡിൽ വാട്ടർ അതോറിട്ടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ച സംഭവത്തിൽ ആലുവ താലൂക്ക് സഭയിൽ എൻജിനീയർമാർ തമ്മിൽ തർക്കം. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡ് ഒന്നര വർഷമായി ടാറിംഗ് ചെയ്യാത്തതിനെതിരെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി ഉന്നയിച്ചപ്പോഴാണ് ബോർഡ് സ്ഥാപിച്ചത് തർക്ക വിഷയമായത്.
കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി പ്രിൻസ് വെള്ളറയ്ക്കലാണ് റോഡ് ടാറിംഗ് നടത്താതെ പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിൽ പോരാണെന്ന വിഷയം ഉന്നയിച്ചത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ ജല അതോറിട്ടിയ്ക്ക് റോഡ് കൈമാറിയിരിക്കുകയാണെന്നും പരാതിയുള്ളവർ നൽകിയിരിക്കുന്ന ഫോണിൽ വിളിക്കണമെന്നുമാണ് ബോർഡിൽ എഴുതിയിരുന്നതെന്ന് പൊതുമരാമത്ത് അസി. എക്‌സി. എൻജിനിയർ വിശദമാക്കി.
എന്നാൽ ഔദ്യോഗിക ഫോൺ നമ്പറിന് പകരം പേഴ്‌സണൽ നമ്പർ ആണ് നൽകിയതെന്ന് വാട്ടർ അതോറിറ്റി എക്‌സി. എൻജിനിയർ പരാതിപ്പെട്ടു. റോഡ് പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാരനെ ജനുവരിയിൽ ചുമതലപ്പെടുത്തിയതാണെന്നും മഴക്കാലം കഴിയാൻ നീട്ടിക്കൊണ്ട് പോകുകയാണെന്നും വാട്ടർ അതോറിറ്റി വിശദീകരിച്ചു.
പൊതുമരാമത്ത് സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റാൻ യോഗം നിർദ്ദേശിച്ചു. ദേശീയപാതയിലെ പറവൂർ കവലയടക്കം മേഖലകളിൽ സർവീസ് റോഡ് സജ്ജമാക്കണം, സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കണം, വിദ്യാർത്ഥികൾക്ക് ബസുകളിൽ പരിഗണന ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളും ചർച്ച ചെയ്തു. പൊതുകാനയിലേക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ചാലക്കുടി എം.പി, ആലുവ, അങ്കമാലി എം.എൽ.എമാർ എന്നിവരുടെ പ്രതിനിധികൾ, യു.ഡി.എഫ്, എൽ.ഡി.എഫ് ഘടകകക്ഷി പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.