murikkal

മൂവാറ്റുപുഴ : ഒരുപതിറ്റാണ്ട് മുമ്പ് ആരംഭിച്ച മുറിക്കൽ ബൈപാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് സൂചന. നടപടി ക്രമങ്ങൾ വേഗത്തിൽ നടക്കുകയാണ്. ആകെ ഏറ്റെടുക്കേണ്ട 2 ഹെക്ടറിൽ 1ഹെക്ടർ നേരത്തെ ഏറ്റെടുത്തിരുന്നു. ആകെയുള്ള 80പേരിൽ 40പേരുടെ സ്ഥലമാണ് നിലവിൽ ഏറ്റെടുത്തിരിക്കുന്നത്.

മാറാടി വില്ലേജിലെ 130 കവലയിൽ തുടങ്ങി മുറിക്കൽ പാലത്തിൽ അവസാനിക്കുന്ന 1.8 ഹെക്ടർ സ്ഥലവും പാലത്തിന് മറുവശത്ത് വെള്ളൂക്കുന്നം വില്ലേജിൽ പെട്ടതുമായ മുഴുവൻ സ്ഥലത്തിന്റെയും സ്ഥല പരിശോധനകൾ നേരത്തെ പൂത്തിയാക്കിയിരുന്നു. മാറാടി വില്ലേജിലെ 80 ഓളം വരുന്ന വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 1.8279 ഹെക്ടർ ഭൂമിയും വെള്ളൂർക്കുന്നം വില്ലേജിലെ 0.1246 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള സെക്ഷൻ 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ തിരക്ക് ഒഴിവാകും. ബൈപ്പാസിനായി വർഷങ്ങളായുള്ള നാടിന്റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുക.