പള്ളുരുത്തി: ദേശീയപാതവഴി കടന്നുപോകേണ്ട വാഹനങ്ങൾ അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനായി തുറവൂർ - എഴുപുന്ന വഴി കുമ്പളങ്ങി പാലത്തിലൂടെ കടത്തിവിട്ടതോടെ വാഹനങ്ങളുടെ തിരക്കിൽ വീർപ്പുമുട്ടുകയാണ് കുമ്പളങ്ങി, പെരുമ്പടപ്പ് നിവാസികൾ. താരതമ്യേന വീതികുറഞ്ഞ റോഡിലൂടെ വാഹനങ്ങളെല്ലാം എത്തിയതോടെ ഗതാഗതക്കുരുക്ക് പ്രദേശവാസികളെ വട്ടംകറക്കുന്നു.
ആലപ്പുഴ, ചേർത്തല വഴിവരുന്ന വാഹനങ്ങൾ തുറവൂർ വഴി കുമ്പളങ്ങി പെരുമ്പടപ്പ് ഭാഗത്തു കൂടിയാണ് കടത്തിവിടുന്നത്. രണ്ടു വാഹനങ്ങൾക്ക് സാധാരണ ഗതിയിൽ കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയ റോഡിലേക്ക് അഞ്ചിരട്ടിയിലധികം വാഹനങ്ങൾ എത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ഗതാഗതക്കുരുക്ക് വർദ്ധിച്ചതോടെ കൃത്യസമയത്ത് കുട്ടികൾക്കും ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനാകുന്നില്ല. പ്രായമായവരും കുട്ടികളും റോഡ് മുറിച്ചുകടക്കാൻ പെടാപ്പാടിലാണ്.
ഉയരപ്പാത നിർമാണം തുടങ്ങിയ ഘട്ടത്തിൽ ചേർത്തല ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കടത്തിവിടാൻ എഴുപുന്ന -കുമ്പളങ്ങി -പെരുമ്പടപ്പ് റോഡ് തീരുമാനിച്ചപ്പോൾത്തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കണ്ടക്കടവ് റോഡുവഴി തിരിച്ചുവിട്ട് കുമ്പളങ്ങി- പെരുമ്പടപ്പ് റോഡിലെ തിരക്ക് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും അധികാരികൾ അംഗീകരിച്ചില്ല . വാഹനക്കുരുക്കിനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകന് പൊലീസ് ഭീഷണിയുമുണ്ടായി.