കോലഞ്ചേരി: പാരീസിൽ ഒളിമ്പിക്സ് കൊടിയേറുന്ന ഈ മാസം 26ന് അവിടെനിന്ന് ഒരു മലയാളി സൈക്കിളിൽ ലോകം ചുറ്റാനിറങ്ങും. എറണാകുളം അമ്പലമേട് സ്വദേശി അരുൺ തഥാഗത് (42) ആണ് ലോകസഞ്ചാരത്തിന് ഒളിമ്പിക്സ് വേദിയാക്കുന്നത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 25ന് വൈകിട്ട് 7ന് പാരീസിലെത്തും. രണ്ടുലക്ഷം രൂപയ്ക്ക് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളിലാണ് കറക്കം.
പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ് ഏകാന്ത ജീവിതം നയിക്കുന്ന അരുൺ. എറണാകുളം കളക്ടറേറ്റിൽ സീനിയർ ക്ലാർക്കാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരി.
20 വർഷത്തെ സർവീസിനിടെ സൈക്കിൾയാത്രകൾക്കായി അഞ്ചര വർഷം ലീവെടുത്തു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൂടെ 2019-20ലായിരുന്നു ആദ്യയാത്ര. പരിസ്ഥിതിസൗഹൃദ ഗൃഹനിർമ്മാണമാണ് മറ്രൊരു ഇഷ്ടമേഖല. ഒന്നരലക്ഷം രൂപ ചെലവിൽ 10 ദിവസം കൊണ്ട് നിർമ്മിച്ച അരുണിന്റെ മൂന്നുനില മുളവീട് പ്രശസ്തമാണ്.
രണ്ടു വർഷം 40 രാജ്യം
രണ്ടു വർഷത്തെ യാത്രയിൽ 40 രാജ്യം ചുറ്റും. പാരീസിൽ നിന്ന് ജർമ്മനി, ഓസ്ട്രിയ വഴി സ്ലൊവാക്യ വരെ. ഷെൻജൻ വിസയുടെ 90 ദിവസ കാലാവധി തീരുമ്പോൾ ടർക്കിയിലെ ഇസ്താംബൂളിലേക്ക്. വിസ പുതുക്കാനുള്ള ആറുമാസം ടർക്കിയിൽ നിന്ന് ഇറാൻ വഴി ഗൾഫ് രാജ്യങ്ങളിൽ. വിസ പുതുക്കി ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ഫിൻലൻഡ് വഴി നോർവേ വരെ. വിസ തീരുമ്പോൾ വിമാനത്തിൽ ഖസാക്കിസ്ഥാനിലെത്തി താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ വഴി ഇറാൻ വരെ. പിന്നീട് കേരളത്തിലെത്തി വിസ പുതുക്കി ഡെന്മാർക്കിലേക്ക്. നെതർലാൻഡ്‌സ്, ബെൽജിയം, സ്‌പെയിൻ, മൊറോക്കോ, ടുണീഷ്യ വഴി ഈജിപ്ത് വരെ.
ദിവസം 50 കി. മീ.
6 ലക്ഷം രൂപ ലോണെടുത്താണ് യാത്ര. ഒരു ദിവസം താണ്ടുന്ന ദൂരം - 50 കിലോമീറ്റർ.ആഹാരം - പഴങ്ങൾ, പച്ചക്കറി, ജ്യൂസ്.