cusat

കൊച്ചി: മലയാളി യുവാക്കൾ കുടിയേറ്റം മോഹിച്ച് വികസിതരാജ്യങ്ങളിലേക്ക് പറക്കുമ്പോൾ ശാസ്ത്രവും സാങ്കേതികവിദ്യയും മികവോടെ പഠിക്കാൻ കൊച്ചി സർവകലാശാലയിലേയ്ക്ക് (കുസാറ്റ്) വിദേശവിദ്യാർത്ഥികളുടെ പ്രവാഹം. അമേരിക്ക, ഗൾഫ് എന്നിവ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നാണ് അപേക്ഷകൾ ലഭിച്ചത്. ബി.ടെക്ക് കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് ഏറ്റവുമധികം അപേക്ഷകൾ. 80 പേർ. 2024-25 അക്കാഡമിക പ്രോഗ്രാമുകളിലേക്ക് 1,590 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. കുസാറ്റിലെ സർവകാല റെക്കാഡാണിത്. പ്രവാസി ഇന്ത്യക്കാരുടെ മക്കളുടെ അപേക്ഷകളും വർദ്ധിച്ചു.

2021 മുതലാണ് വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് തുടങ്ങിയത്. വിദേശവിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ലഭ്യമാക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) സ്‌കോളർഷിപ്പുകൾക്കാണ് ഭൂരിഭാഗവും അപേക്ഷിക്കുന്നത്. വിദേശികൾക്കായി പ്രത്യേക ഹോസ്റ്റൽ സൗകര്യവുമുണ്ട്.

ലഭിച്ച അപേക്ഷകൾ

ഐ.സി.സി.ആർ വഴി

2021 603

2022 800

2023 1,100

2024 1,410

'സ്റ്റഡി ഇൻ ഇന്ത്യ' (എസ്‌.ഐ.ഐ) പ്രോഗ്രാമിൽ 180 എണ്ണം

(2014 ൽ ആരംഭിച്ച എസ്‌.ഐ.ഐ പ്രോഗ്രാമിൽ 50 ശതമാനം സ്‌കോളർഷിപ്പ് കുസാറ്റ് നൽകും)

ഐ.സി.സി.ആർ വഴി

കെനിയ, ഉഗാണ്ട, അംഗോള, ഇറാഖ്, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ടോഗോ, എത്യോപ്യ, സിയറ ലിയോൺ, ബോട്‌സ്വാന, സിറിയ, നൈജീരിയ, ലെസോത്തോ, തുർക്ക്‌മെനിസ്ഥാൻ, മലാവി, സുഡാൻ, റുവാണ്ട, ഗാംബിയ, സോളമൻ ഐലൻഡ്‌സ്

എസ്.ഐ.ഐ വഴി

യുഎസ്, ബഹ്റൈൻ, യു.എ.ഇ, കാനഡ, മലേഷ്യ, മാലദ്വീപ്, ഇറാഖ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക


നിലവിൽ പഠിക്കുന്നവർ

അഫ്ഗാനിസ്ഥാൻ, യു.എസ്.എ, മാലിദ്വീപ്, ശ്രീലങ്ക, പോളണ്ട്, തുർക്ക്‌മെനിസ്ഥാൻ, പാപുവ ന്യൂഗിനിയ, താജിക്കിസ്ഥാൻ, കെനിയ, ബോട്‌സ്വാന, അംഗോള, അയർലൻഡ്, സാംബിയ, കൊമോറോസ്, ടാൻസാനിയ, സുഡാൻ, നേപ്പാൾ, യെമൻ, ബുറുണ്ടി, മൊസാംബിക്, ദക്ഷിണ സുഡാൻ, സിറിയ, റുവാണ്ട, മലേഷ്യ


പ്രവാസികൾക്കും പ്രിയം

പ്രവാസി ഇന്ത്യക്കാർക്കായി നടപ്പാക്കുന്ന ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ (ഒ.സി.ഐ) പദ്ധതിയിൽ വിദ്യാർത്ഥികളിൽ നിന്നുള്ള അപേക്ഷകളിലും വർദ്ധനവുണ്ടായി. മാതൃരാജ്യത്ത് വിദ്യാഭ്യാസ അവസരങ്ങൾ തേടുന്ന ഇന്ത്യൻ പ്രവാസികൾക്കിടയിൽ കുസാറ്റിന്റെ വർദ്ധിച്ചുവരുന്ന അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും തെളിവാണിത്.

''കുസാറ്റിന് വർദ്ധിച്ചുവരുന്ന ആഗോളപ്രശസ്തിയും മികവുറ്റ വിദ്യാഭ്യാസ അവസരങ്ങളും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നതിന്റെ തെളിവാണ് വിദേശങ്ങളിൽ നിന്ന് അപേക്ഷ വർദ്ധിക്കുന്നത്.""

സർവകലാശാല അധികൃതർ