ആലുവ: ആലുവ മണ്ഡലത്തിൽ നടപ്പാക്കേണ്ട 11 പ്രധാന പദ്ധതികൾ അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ സമർപ്പിച്ചു. അനുവദിച്ചിട്ടും സമയബന്ധിതമായി തീരാത്ത മൂന്ന് പദ്ധതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തര പാലമോ എലിവേറ്റഡ് ഹൈവേയോ നിർമ്മിക്കുന്നത് പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യു.സി കോളേജ് ശതാബ്ദിയുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അഞ്ച് കോടി രൂപ ഉടൻ അനുവദിക്കാനും ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പ്രധാന പദ്ധതികളും ആവശ്യങ്ങളും:
ആലുവ മാർക്കറ്റ് റോഡ് വികസനത്തിനായി പി.ഡബ്ല്യു.ഡി തയ്യാറാക്കിയ 10 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകുക.
ദേശംകടവ്, ശിവരാത്രി മണപ്പുറം, ഹരിതവനം, സീഡ് ഫാം, പരുന്തുറാഞ്ചി മണപ്പുറം എന്നിവയെ ബന്ധിപ്പിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കണം.
നെടുവന്നൂർ - ചൊവ്വര പാലം പുതുക്കിപ്പണിയുന്നതിന് അടിയന്തിര നടപടിയെടുക്കുക.
ചെങ്ങമനാട് കവല വികസിപ്പിക്കുന്നതിന് പി.ഡബ്ല്യു.ഡി തയ്യാറാക്കിയ പദ്ധതിക്ക് ഭരണാനുമതി നൽകണം.
ആലുവ ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി തയ്യാറാക്കിയ 50 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകണം. ജില്ലാ ആശുപത്രിക്ക് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ അനുവദിക്കണം.
സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടം മൂന്നാം പാക്കേജിന്റെ ഭാഗമായി ചൊവ്വര മുതൽ എയർപോട്ട് വരെയുള്ള 5.5 കി.മി സ്ഥലം ഏറ്റെടുക്കുന്നതിന് 210 കോടി രൂപ അനുവദിക്കണം.
ആലുവ ജലശുദ്ധീകരണശാലയിലെ 190 എം.എൽ.ഡി കുടിവെള്ള പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കണം.
13 പി.ഡബ്ല്യു.ഡി റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് തുക അനുവദിച്ച് ഭരണാനുമതി നൽകണം.
നിലവിൽ ഇഴയുന്ന പദ്ധതികൾ
എടത്തല കോമ്പാറ കവല വികസിപ്പിക്കുന്നതിന് 2022-23 ബഡ്ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യൂ ബി ഉത്തരവിനായുള്ള ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്. പദ്ധതി പൂർത്തിയാക്കുന്നതിന് കൂടുതൽ തുക അനുവദിക്കണം.
സീപോർട്ട് എയർപോർട്ട് റോഡ് രണ്ടാംഘട്ടമായ എച്ച്.എം.ടി മുതൽ മഹിളാലയം വരെയുള്ള ഭൂവുടമകൾക്ക് നഷ്ടപരിഹാരം വേഗം കൈമാറി ഭൂമി ഏറ്റെടുക്കണം.
അത്താണി ഗ്യാസ് ഗോഡൗൺ വളവ് നിവർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.