
കാലടി: മലയാറ്റൂർ പന്തക്കൽ പാടശേഖരം മണ്ണിട്ട് നികത്താനുള്ള മാഫിയ സംഘത്തിന്റെ നീക്കം തടഞ്ഞ് പാടശേഖര സംരക്ഷണ സമിതിയും വിവിധ രാഷ്ട്രീയ കക്ഷികളും. പാടം നികത്താനുള്ള നീക്കത്തിനെതിരെ പാടശേഖര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ സമരങ്ങൾ നടത്തിയിട്ടും റവന്യൂ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാടത്ത് നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റി മലയാറ്റൂർ വില്ലേജ് ഓഫീസിന്റെ സ്ഥലത്തിട്ടു. സമരം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ, കെ.കെ. വത്സൻ, കർഷക സംഘം ഏരിയ സെക്രട്ടറി പി. അശോകൻ, പി.ജെ. ബിജു, കെ.ജെ. ബോബൻ, ടി.സി. ബാനർജി, വാർഡ് മെമ്പർ സേവ്യർ വടക്കുംചേരി, നെൽസൺ മാടവന, പാശേഖര സമിതി കൺവീനർ എം.വി.മോഹനൻ, സെക്രട്ടറി കെ.ടി. സത്യൻ എന്നിവർ സംസാരിച്ചു.