കൊച്ചി: നഗരത്തിൽ ദിനംപ്രതി ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 224 പേരാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊച്ചി നഗരത്തിൽ, കലൂർ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, തമ്മനം, വെണ്ണല എന്നിവിടങ്ങളിലെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. കഴിഞ്ഞദിവസം 80ലധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
പനി ബാധിതരിൽ കൂടുതൽ നഗരവാസികളാണ്. രാത്രിയും പകലും കൊതുക് ശല്യം രൂക്ഷമാണെന്ന് നഗരവാസികൾ പറയുന്നു. വീടുകളുടെ അകത്ത് പരിപാലിക്കുന്ന സസ്യങ്ങൾ കൊതുക് വളരാൻ ഇടയാക്കുന്നുണ്ട്. നിലവിൽ കൊതുകുപട നഗരവാസികളുടെ ഉറക്കംകെടുത്തുകയാണ്. പകലും വീടുകളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. സന്ധ്യയായാൽ വീടുകളിൽ കൊതുക് ഇരച്ചുകയറുന്നു. ജനലുകളിൽ വല വച്ച് മറച്ചിട്ടും ഫലമില്ല.
പനി ബാധിതർ
(ജൂൺ 30 മുതൽ ജൂലായ് 6വരെ)
ഡെങ്കിപ്പനി:
സംശയിക്കുന്നവ- 254
സ്ഥിരീകരിച്ചവ-224
എലിപ്പനി:
സംശയിക്കുന്നവ-5
സ്ഥിരീകരിച്ചവ- 5
ലക്ഷണങ്ങൾ തിരിച്ചറിയണം
പനി വന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡെങ്കിപ്പനി ഉണ്ടോയെന്ന് ആദ്യം തിരിച്ചറിയണം. ശക്തമായ പേശിവേദന, സന്ധിവേദന, ചർമ്മത്തിൽ ചുവന്നു തടിച്ച പാടുകൾ, രക്തസ്രാവം എന്നിവ ഡെങ്കി ലക്ഷണങ്ങളാണ്. ഇത് കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണം.
രണ്ടുതവണ വന്നാൽ ശ്രദ്ധിക്കണം
മുൻ വർഷങ്ങളിൽ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും ഉണ്ടായാൽ ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ. നാല് ജനിതക ഘടനയുള്ള വൈറസുകളാണിവ. ഒരു പ്രാവശ്യം രോഗം വന്നവർക്ക് മറ്റൊരു ജനിതക ഘടനയിലുള്ള വൈറസ് ബാധയാണ് രണ്ടാമത് ഉണ്ടാകുന്നതെങ്കിൽ ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഹെമറാജിക് ഫീവർ ഷോക്ക് എന്നിവയ്ക്ക് കാരണമായേക്കും. ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലായി അമിത രക്തസ്രാവം ഉണ്ടാവുന്നതാണ് ഹെമറാജിക്ക് ഫീവർ. രക്തസമ്മർദ്ദം ഗണ്യമായി കുറയുന്ന അവസ്ഥയാണ് ഹെമറാജിക് ഫീവർ ഷോക്ക്. ഇത് മരണത്തിനുവരെ കാരണമാകും.