ആലുവ: പട്ടേരിപ്പുറത്ത് വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ ആക്രമികൾക്കും വീട്ടുകാർക്കുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിൽ പട്ടേരിപ്പുറം കുരിശിങ്കൽ വീട്ടിൽ ബിനോയി ചാക്കോയുടെ മക്കളായ ജിതിൻ (26), നിധിൻ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു. വീടുകയറി അക്രമിച്ച നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതിരുന്നത് വിവാദമായിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിനോയി ചാക്കോയുടെ വീട് തകരാറിലായതിനാൽ രണ്ട് മാസമായി ബന്ധു പുത്തൻപുരക്കൽ റോസിലി ജോണിന്റെ വീട്ടിലാണ് താമസിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന സംഘർഷത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ പട്ടേരിപ്പുറം സ്വദേശികളായ സെബിൻ, സൽജിത്ത്, ഷാലു, ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തി വീടുകയറി ആക്രമിച്ചെന്നാണ് കേസ്. രാത്രി ഒമ്പതിനും 10നുമായി രണ്ടുവട്ടം ആക്രമിച്ചെന്നും പറയുന്നു. എന്നാൽ മുൻവൈരാഗ്യത്തെ തുടർന്ന് രാത്രി 10.30ഓടെ വഴിയിൽ വച്ച് സെബിനെയും സൽജിത്തിനെയും കത്തി ഉപയോഗിച്ച് ജിതിനും നിധിനും കുത്തി പരിക്കേൽപ്പിച്ചെന്നാണ് എതിർവിഭാഗത്തിന്റെ പരാതി. ഈ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.