മട്ടാഞ്ചേരി: കായിക മത്സര നിയന്ത്രണത്തിൽ 3000 എന്ന സംഖ്യയിലെത്തിയതിന്റെ പെരുമയിലാണ് എം.എം സലിം എന്ന മട്ടാഞ്ചേരിക്കാരൻ. കഴിഞ്ഞ ദിവസം ആലുവ എൻ.എ.ഡിയിൽ നടന്ന കേന്ദ്രീയ വിദ്യാലയ യോഗ മത്സരം നിയന്ത്രിച്ചതോടെയാണ് എണ്ണം മൂവായിരം തികഞ്ഞത്. പശ്ചിമകൊച്ചിക്കാർ സലിംഭായ് എന്ന് വിളിക്കുന്ന എം.എ സലിം, ഗുസ്തിക്കാരുടെ മുകളിലൂടെ ഡൈവ് ചെയ്ത് മത്സരം നിയന്ത്രിക്കുന്നതിനാൽ ഗുസ്തി പ്രേമികൾക്കിടയിൽ 'പറക്കും റഫറി' ആണ്.
1979 സെപ്തംബർ 15ന് ജില്ലാ ജിംനാസ്റ്റിക് മത്സരം നിയന്ത്രിച്ചു തുടങ്ങിയതാണ് സലീമിന്റെ കായിക മത്സര നിയന്ത്രണം. നീണ്ട 45 വർഷത്തിനിടെ വിവിധ കായികയിനങ്ങളിൽ പ്രാദേശിക തലം മുതൽ അന്തർദേശീയ മത്സരങ്ങളടക്കം നിയന്ത്രിച്ചതിന്റെ തഴക്കമുണ്ട്. ഗുസ്തി ഇനങ്ങളിൽ രണ്ട് ഇന്ത്യാ - പാക് മത്സരം ഉൾപ്പെടെ ഇതുവരെ നിയന്ത്രിച്ച മത്സരങ്ങളുടെ വിവരങ്ങൾ തീയതി, സ്ഥലം, കായിക ഇനം എന്നിങ്ങനെ വ്യക്തമായി എഴുതി സൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം.
പരിശീലകനായും മികവ്
ഇതിനു പുറമെ കൊച്ചിയിൽ നടന്ന ആർച്ചറി, ഫെൻസിംഗ്, ടെന്നി കോയ്റ്റ് എന്നീ മത്സരങ്ങളിലും ഏഷ്യൻ കുറുഷ് മത്സരത്തിലും അനൗൺസറായും ഒഫിഷ്യേറ്റിന്റെ ഭാഗമായിട്ടുണ്ട്. കേരളത്തിലേക്ക് ആദ്യമായി വനിതാ ഗുസ്തി മത്സരത്തിൽ മെഡൽ എത്തിച്ചത് സലീമിന്റെ ശിഷ്യ എസ്.ദിവ്യയിലൂടെയായിരുന്നു. വിവിധ കായിക ഇനങ്ങളിലായി അഞ്ച് അന്തർ ദേശീയ മെഡലുകളാണ് സലീമിന്റെ ശിഷ്യൻന്മാർ കേരളത്തിൽ എത്തിച്ചിട്ടുള്ളത്. യോഗാസന മത്സരത്തിൽ ദേശീയ മെഡൽ ജേതാവ് കുടിയാണ് സലീം.
നിയന്ത്രിച്ച ഇനം- മത്സരങ്ങളുടെ എണ്ണം
ഗുസ്തി - 896
യോഗാസനം- 378
വെയിറ്റ് ലിഫ്റ്റിംഗ് - 181
പവർലിഫ്റ്റിംഗ് - 48
ബോഡി ബിൽഡിംഗ് - 418
ജിംനാറ്റിക്സ് - 39
ബോക്സിംഗ് - 146
പഞ്ചഗുസ്തി (പ്രാദേശികം )- 456
വടംവലി (പ്രാദേശികം) - 356
പില്ലോ ഫയറ്റ് (കോട്ടാ പോറ) - 82