pic

കൊച്ചി: നഗരത്തിന്റെ സാംസ്കാരിക തലസ്ഥാനമാകാനൊരുങ്ങുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ആഗസ്റ്റിൽ ഒരാഴ്ചത്തെ വിപുലമായ പരിപാടികളോടെ പാർക്കിന്റെ ഉദ്ഘാടനം നടക്കും. 30 ദിവസം നീണ്ടുനിൽക്കുന്ന കലാ സാംസ്കാരികോത്സവവും ആലോചനയിലുണ്ടെന്ന് ചങ്ങമ്പുഴ സാസംസ്കാരിക കേന്ദ്രം ഭാരവാഹികൾ പറഞ്ഞു.

4.31കോടിരൂപ ചെലവിൽ ജി.സി.ഡി.എയ്ക്കാണ് നവീകരണച്ചുമതല. വെള്ളക്കെട്ട് ഭീഷണി അതിജീവിക്കുന്ന തരത്തിൽ അടിത്തറ ഉയർത്തി നിലവിലെ ഓ‌ഡിറ്റോറിയത്തിൽ കൂടുതൽ ഇരിപ്പിടങ്ങളും റാമ്പും ആധുനിക ശബ്ദസംവിധാനങ്ങളും കൂറ്റൻ ഹെലികോപ്ടർ ഫാനും ഉൾപ്പെടെയാണ് സജ്ജീകരിക്കുക. ഇവയുടെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ആഞ്ഞിലി, മഴമരം, ഇലഞ്ഞി തുടങ്ങി അമ്പതിലേറെ വൃക്ഷങ്ങൾ തണലേകുന്ന 1.35 ഏക്കറിൽ ഒരുമരം പോലും മുറിച്ചുമാറ്റാതെ 50 ഗ്രാനൈറ്റ് ബഞ്ചുകൾ, നീന്തൽകുളം, ഫൗണ്ടൻ, മീനി ആംഫി തിയേറ്റർ, ആർട്ട് ഗ്യാലറി, വിശ്രമമുറി, ടോയ്ലറ്റുകൾ, വാക്ക്‌വേ, കുട്ടികളുടെ പാർക്ക് എന്നിവയാണ് ഒരുങ്ങുന്നത്. ഹൊസൂറിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളാണ് പാർക്കിലെ ഗ്രാനൈറ്റ് ബഞ്ചും പില്ലറുകളും നിർമ്മിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്സാണ് രൂപരേഖ തയ്യാറാക്കിയത്.

ഓഡിറ്റോറിയത്തിൽ സമീപ റോഡുകളിലെ വാഹനത്തിരക്കുമൂലമുള്ള ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മണലിന്റെ ദൗർലഭ്യവും പ്രതികൂല കാലാവസ്ഥയും വിനയായി. ആഗസ്റ്റ് പകുതിയോടെ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

 ചങ്ങമ്പുഴ പാർക്ക്

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ സ്ഥാപിച്ച വിനോദ, വിജ്ഞാന, സാംസ്കാരിക കേന്ദ്രമാണ് ചങ്ങമ്പുഴ പാർക്ക്. കൊച്ചി നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞ് തുറസായ പൊതു ഇടങ്ങൾ സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെ ജി.സി.ഡി.എയാണ് പാർക്ക് സ്ഥാപിച്ചത്. ഇടപ്പള്ളി ദേവൻകുളങ്ങരയിൽ കുറ്റിക്കാടുകൾ വളർന്നുനിന്ന രണ്ടേക്കറോളം ചതുപ്പുനിലം വിലയ്ക്കുവാങ്ങി നിർമ്മിച്ച പാർക്കിന് ഇടപ്പള്ളിയിൽ ജനിച്ചുവളർന്ന മഹാകവിയുടെ പേര് നൽകുകയായിരുന്നു. 1977ൽ മുഖ്യമന്ത്രി സി. അച്യുതമേനോൻ ചങ്ങമ്പുഴ പാർക്ക് ജനങ്ങൾക്ക് തുറന്നുകൊടുത്തു. 1997മുതൽ പാർക്കിന്റെ മേൽനോട്ടച്ചുമതല ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിനാണ്.

ചങ്ങമ്പുഴ പാർക്ക് നവീകരണം

ചെലവ്: 4.31കോടി രൂപ ചെലവിൽ

നവീകരണ ചുമതല: ജി.സി.ഡി.എ

രൂപരേഖ തയ്യാറാക്കിയത്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്സ്

ആഗസ്റ്റോടെ പൂർത്തിയാകും