1

ചെല്ലാനം: ഫോർട്ട് കൊച്ചി ഭാഗത്തെ രൂക്ഷമായ കടൽകയറ്റം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെ ഇടപെടണമെന്ന് ഹൈബി ഈഡൻ എം.പി. ചെല്ലാനത്തുകാർ ഏറെ ദുരിതത്തിലാണ്. ടെട്രാപോഡുകൾ സ്ഥാപിച്ചത് ചെല്ലാനത്തെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമായിരുന്നു. എന്നാൽ പദ്ധതി ആദ്യ ഘട്ടത്തോടെ നിലച്ച മട്ടാണ്. കഴിഞ്ഞ നവംബറിൽ നിർമ്മാണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന പുത്തൻ തോട് മുതൽ ചെറിയ കടവ് വരെയുള്ള രണ്ടാം ഘട്ടം ഇത് വരെ ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും എം.പി ചൂണ്ടിക്കാട്ടി. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ചെല്ലാനവും ഫോർട്ട് കൊച്ചിയും വൈപ്പിൻ ഭാഗത്തെ വിവിധ സ്ഥലങ്ങളിലും അനുഭവപ്പെടുന്ന കടൽകയറ്റത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച പ്രൊപ്പോസൽ കേന്ദ്രത്തിന് സമർപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. നാളിതുവരെ അത്തരത്തിലൊരു നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തീരദേശ ഹൈവേ പോലുള്ള പദ്ധതികൾ നാടിന്റെ വികസനത്തിന്‌ ആക്കം കൂട്ടുന്ന പദ്ധതികൾ തന്നെയാണ്. എന്നാൽ, തീരദേശ വാസികളുടെ ജീവനും ജീവനോപാധിയും നഷ്ടപ്പെടുത്തിയിട്ടുള്ള ഒരു വികസനത്തേയും അംഗീകരിക്കാനാവില്ല. അത് കൊണ്ട് തന്നെ തീരദേശ വാസികളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും വൈദികരുടെയുമെല്ലാം ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ഹൈബി ഈഡൻ പറഞ്ഞു.