ksrtc

ആലുവ: 14 കോടിയിലേറെ രൂപ ചെലവിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് അഞ്ച് മാസമായിട്ടും കെട്ടിടത്തിന് നഗരസഭയുടെ ലൈസൻസ് ലഭിച്ചില്ല. അഞ്ച് വർഷം മുമ്പ് തയ്യാറാക്കിയ രൂപരേഖയിൽ മാറ്റം വന്നെങ്കിലും കെട്ടിടത്തിന്റെ ഇപ്പോഴത്തെ സ്‌കെച്ച് തയ്യാറാക്കാത്തതാണ് അനുമതി വൈകാൻ കാരണം.

കെട്ടിട നമ്പർ കിട്ടാത്തതിനാൽ കടമുറി ലേലവും ടൊയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനവും പ്രതിസന്ധിയിലായി. താത്കാലിക കണക്ഷനിലാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലഭിക്കുന്നത്. വാട്ടർ കണക്ഷൻ, അഗ്നി സുരക്ഷാ സംവിധാനം എന്നിവയും കെട്ടിട നമ്പറിനെ ആശ്രയിച്ചാണ് അനുവദിക്കുന്നത്.

കോടികൾ മുടക്കി നിർമ്മിച്ചിട്ടും ടൊയ്ലറ്റുകൾ ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. തുടർന്ന് തിരക്കിട്ട ടൊയ്ലറ്റുകൾ നിർമ്മിച്ചെങ്കിലും ഇപ്പോഴും യാത്രക്കാർക്ക് തുറന്നുകൊടുത്തിട്ടില്ല. ഡിപ്പോ കെട്ടിടത്തിലെ രണ്ടു നിലകളിലായി എട്ട് വീതവും പുറത്തായി 11 ടൊയ്‌ലറ്റുകൾ അടങ്ങുന്ന ബ്ലോക്കുമാണ് ഉള്ളത്. ഷവർ സൗകര്യത്തോടെ കൂടിയ ഓരോ ബാത്ത് റൂമുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമായും സ്റ്റാഫിനായി രണ്ടു ബാത്ത് റൂമുകളും ഉണ്ട്. പക്ഷെ ലേല നടപടികൾ നീളുകയാണ്.

നൂറോളം വരുന്ന ജീവനക്കാർക്ക് ആശ്രയം ദൂരെയുള്ള യാർഡിലെ രണ്ട് ടൊയ്‌ലറ്റുകളാണ്. കഴിഞ്ഞ ആഴ്ച വരെ കിഴക്ക് ഭാഗത്തെ കാനയെയാണ് പുരുഷന്മാരായ യാത്രക്കാരും ജീവനക്കാരും ആശ്രയിച്ചിരുന്നത്. എന്നാൽ ഈ മേഖലയിലേക്ക് അങ്കമാലി, കട്ടപ്പന ബസുകൾ പാർക്ക് ചെയ്തതോടെ അതും സാധിക്കാതെയായി. ഇതിന് തൊട്ടുപിന്നിലുള്ള വീട്ടുകാർ നഗരസഭയിൽ പരാതിയും നൽകിയിരിക്കുകയാണ്.

ടോയ്‌ലറ്റ് കെട്ടിടം ഉദ്ഘാടനം ഉടൻ നടക്കുമെന്നും ഒരു ഏജൻസിക്ക് കൈമാറുമെന്നുമാണ് അധികൃതർ പറയുന്നത്. ഇരുനില കെട്ടിടത്തിൽ ഇരിപ്പിടവും ടോയ്‌ലറ്റുകളും ഇല്ലാത്തതിൽ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. തൊട്ടടുത്ത ഹോട്ടലുകളേയോ റെയിൽവേ സ്റ്റേഷനേയോ ആശ്രയിക്കാനാണ് ആവശ്യക്കാരോട് ജീവനക്കാർ പറയുന്നത്‌.