r-bindu

കൊച്ചി: കേരളത്തിലെ എല്ലാ ലൈബ്രറികളിലെയും പുസ്തക ശേഖരങ്ങളെ ഡിജിറ്റൈസ് ചെയ്ത് സമാഹരിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങിൽ പ്രൊഫ. എം.കെ. സാനു ഐ.വി. ദാസ് അനുസ്മരണം നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, കുന്നത്തുനാട് താലൂക്ക് കൗൺസിൽ പ്രസിഡന്റ് സാജു പോൾ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.