കൊച്ചി: വാടകയ്ക്ക് നൽകിയ മുറി ഒഴിഞ്ഞു കൊടുക്കാത്തതിനെതിരെ വീടിന് മുന്നിൽ വീട്ടുടമയും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ അംഗങ്ങളും കുത്തിയിരുന്നു പ്രതിഷേധിച്ചു. നാടകീയ സംഭവങ്ങൾക്ക് ശേഷം വൈകിട്ട് വീടിന് പുറത്തേയ്ക്ക് ഇറങ്ങിയ വാടകക്കാരനെ അകത്തേയ്ക്ക് പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടി. ഹൈക്കോടതി അഭിഭാഷകനും തിരുവനന്തപുരം സ്വദേശിയുമായ ബാബു ഗിരീഷാണ് വാടകക്കാരൻ. തന്നെ വീട്ടിൽക്കയറ്റുന്നില്ലെന്ന് കാട്ടി ഇയാൾ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി.

എറണാകുളം അയ്യപ്പൻ കോവിൽ സ്വദേശിയായ അശോകനും കുടുംബവുമാണ് സ്വന്തംവീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. മുറി വാടകയ്ക്കെടുത്ത ബാബു കഴിഞ്ഞ രണ്ട് വർഷമായി വാടക നൽകുന്നില്ലെന്നും വാടക ചീട്ട് പുതുക്കുന്നില്ലെന്നുമാണ് അശോകൻ പറയുന്നത്. ഇതേത്തുടർന്ന് പലപ്പോഴായി മുറി ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ ബാബു ഒഴിയാൻ തയ്യാറാകുന്നില്ല. വാടക മാത്രമാണ് തന്റെ വരുമാനം. വീട്ടിൽ താനും ഭാര്യയും മാത്രമാണുള്ളത്. ഭാര്യ രോഗിയാണെന്നും അശോകൻ പറയുന്നു. അശോകന്റെ അവസ്ഥ കണ്ടാണ് നാട്ടുകാർ ഒപ്പംചേർന്ന് ബാബുവിനെ പുറത്താൻ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.

അതേസമയം താൻ കൃത്യമായി വാടക കൊടുക്കുന്നുണ്ടെന്നും താനില്ലാത്ത സമയത്ത് മുറിയിൽ കയറി അശോകൻ വീട്ടുസാധനങ്ങൾ നശിപ്പിച്ചെന്നും ബാബു ആരോപിച്ചു. നോർത്ത് സി.ഐ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് നാലുവരെ പൊലീസ് കാവലുണ്ടായിരുന്നു. വൈകിട്ടാണ് വാടകക്കാരൻ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയത്.