കൊച്ചി: ആഘോഷങ്ങൾ ഇല്ലായിരുന്നെങ്കിലും 89-ാം പിറന്നാൾ ദിനത്തിൽ എഴുത്തുകാരൻ കെ.എൽ. മോഹനവർമ്മയ്ക്ക് തിരക്കായിരുന്നു. പതിവുപോലെ അദ്ദേഹം പുലർച്ച 4.30ന് ഉണർന്ന് ഇ-വായനയുടെ ലോകത്തിലേക്ക് പ്രവേശിച്ചു. ഫോണിലും ടാബിലുമാണ് വായന. ആശംസകളുമായി ഡി.എച്ച്. റോഡിലെ അമ്പാടി അപ്പാർട്ടുമെന്റിലെത്തിയ സാംസ്‌കാരിക കൊച്ചിയുടെ ഭാരവാഹികളായ പി. രാമചന്ദ്രൻ,സി.ജി. രാജഗോപാൽ,സി.ഐ.സി.സി ജയചന്ദ്രൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടർന്ന് ഭാര്യ രാധാവർമ്മ പിറന്നാൾ മധുരം മോഹനവർമ്മക്ക് നൽകി. മക്കളായ സുഭാഷ് വർമ്മ,ആശാലത വർമ്മ,പേരക്കുട്ടി അശ്വിൻ,ആദിത്യ എന്നിവരും ഉണ്ടായിരുന്നു. സദ്യയില്ലാതെ ഉച്ചയൂണും പതിവ് രീതിയിൽ തന്നെ. മന്ത്രി പി. രാജീവ് ഉൾപ്പെടെ നിരവധി പ്രമുഖർ ഫോണിൽ ആശംസ അറിയിച്ചു. രാഷ്ട്രീയ,സാംസ്‌കാരിക,സിനിമാരംഗങ്ങളിൽ നിന്നുള്ള നിരവധിപ്പേരും സന്ധ്യയോടെ വീട്ടിൽ ആശംസകളുമായെത്തി.