മരട്: കുണ്ടന്നൂർ -തേവര പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പാലം ഇന്നുരാത്രി 11 മുതൽ 2 ദിവസത്തേക്ക് താത്കാലികമായി അടച്ചിടാനുള്ള തീരുമാനം ശക്തമായ മഴയെത്തുടർന്ന് മാറ്റിവച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, എ.സി.പി പി. രാജ്കുമാർ, ആലുവ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസി. എക്സി. എൻജിനിയർ ബി.എൻ. സുമ, അസി. എൻജിനിയർ പി.ജെ. ഷിബു എന്നിവർ നടത്തിയ ചർച്ചയിലാണ് പാലം അടക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പണി ആരംഭിക്കാൻ ബുദ്ധിമുട്ടാണെന്ന് എൻ.എച്ച് അധികാരികൾ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാത്രി 11 മുതൽ ഗതാഗതം പൂർണമായും നിറുത്തി ശനി, ഞായർ ദിവസങ്ങളിലായി അറ്റകുറ്റപ്പണി പൂർത്തീകരിച്ച് 15ന് (തിങ്കൾ) രാവിലെ പാലം തുറന്നു കൊടുക്കാമെന്ന തീരുമാനത്തിലെത്തിയത്. ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു.