കൊച്ചി: ഒരു വർഷം വാറണ്ടിയുള്ള ഫോൺ വാങ്ങി രണ്ടു മാസത്തിനകം തകരാറിലായതിനാൽ നിർമ്മാണപരമായ ന്യൂനതയും വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും ഉപഭോക്താവിന് നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. അങ്കമാലി സ്വദേശി കെ.എൻ മോഹൻ ബാബുവിന്റെ പരാതിയിലാണ് ഉത്തരവ്. ഫോണിന്റെ വിലയും 10,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ,ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി അറിയിച്ചു.

2018 ഡിസംബറിലാണ് 6,200 രൂപയുടെ ഷവോമി കമ്പനിയുടെ റെഡ്മി ഫോൺ പരാതിക്കാരൻ വാങ്ങിയത്. രണ്ടു മാസത്തിനകം പ്രവർത്തനരഹിതമായി. വാറണ്ടി നിലനിൽക്കെ പാർട്‌സ് മാറ്റുന്നതിന് 3,999 രൂപ കമ്പനി ആവശ്യപ്പെട്ടു. റിപ്പയർ ചെയ്ത് നൽകിയില്ല. ഫോൺ വെള്ളത്തിൽ വീണ് തകരാറിലായതാണെന്നും വാറണ്ടി ബാധകമല്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. എം.ആർ നന്ദകുമാർ ഹാജരായി.