
വൈപ്പിൻ : മുദ്രപ്പത്രക്ഷാമം രൂക്ഷമായതോടെ രജിസ്ട്രേഷൻ നടപടികൾ പ്രതിസന്ധിയിൽ. കരാർ എഴുത്ത്,രജിസ്ട്രേഷൻ, സത്യവാങ്മൂലം നൽകൽ എന്നിവ മുടങ്ങിയിരിക്കുകയാണ്. വീട്ട് വാടക കരാരാർ, വസ്തു വില്പനയുമായി ബന്ധപ്പെട്ട കരാറുകൾ, നോട്ടറി സാക്ഷ്യപ്പെടുത്തൽ, ചിട്ടി കരാറുകൾ തുടങ്ങിയവയ്ക്ക് 200 രൂപയുടെ പത്രമാണ് ഉപയോഗിക്കുന്നത്. 200 രൂപയുടെ പത്രം കിട്ടാതായതോടെ മിക്കവരും 500 രൂപയുടെ മുദ്രപ്പത്രം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ചിലപ്പോഴൊക്കെ 1000 രൂപയുടെ പത്രവും ഉപയോഗിക്കേണ്ടി വരുന്നു.
ഓരോ ആവശ്യത്തിനായി മുദ്രപ്പത്രം തേടി ഇറങ്ങുന്നവർ പലയിടത്തും കറങ്ങി നിരാശയോടെ മടങ്ങുന്ന അവസ്ഥയാണിപ്പോൾ. മുദ്രപ്പത്രം ഇല്ലെന്ന് മറുപടി നൽകി മടുത്തതോടെ ചില വെണ്ടർമാർ ഓഫീസിന് മുന്നിൽ മുദ്രപ്പത്രം ഇല്ല എന്ന ബോർഡ് തൂക്കിയിരിക്കുകയാണ്.
4 ലക്ഷത്തോളം മുദ്രപ്പത്രം വേണം
സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മുല്യമുള്ള 4 ലക്ഷം മുദ്രപ്പത്രം വേണമെന്നാണ് ഏകദേശ കണക്കുകൾ.
100 രൂപ, 200 രൂപ, 500 രൂപ മൂല്യമുള്ള മുദ്രപ്പത്രങ്ങളാണ് കിട്ടാനില്ലാത്തത്.
1000 രൂപയുടെ മുദ്രപ്പത്രവും ആവശ്യത്തിന് ലഭ്യമല്ല.
കഴിഞ്ഞ ഒരു വർഷമായി 200 രൂപയുടെ പത്രം കിട്ടാനില്ല.
ഇ- സ്റ്റാമ്പിംഗ് വിനയായി
രാജ്യത്ത് ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടി നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കണമെങ്കിൽ പൂർണമായും ഇ.സ്റ്റാമ്പിലേക്ക് മാറണം. വെണ്ടർമാർക്ക് സർക്കാർ പരിശീലനം നൽകിയിട്ടുണ്ടെങ്കിലും ഇ സ്റ്റാമ്പിംഗ് സോഫ്ട് വെയർ പൂർണ സജ്ജമല്ല. ഉടൻതന്നെ ഇ സ്റ്റാമ്പിലേക്ക് മാറി പ്രതിസന്ധി പരിഹരിക്കുമെന്ന പതിവ് പല്ലവിയാണ് ട്രഷറി ഡയറക്ട്രേറ്റിൽ നിന്ന് ലഭിക്കുന്നതെന്ന് വെണ്ടർമാർ പറയുന്നു.
ഒരുലക്ഷം മുതലുള്ള മുദ്രപത്രത്തിന് ഇ-സ്റ്റാമ്പിംഗ് നടത്തുന്നുണ്ട്. അതിനാൽ വസ്തു തീറ് നടത്തുന്നവർക്ക് മാത്രം പ്രശ്നങ്ങളില്ല. ബഹുഭൂരിപക്ഷം ഇടപാടുകൾക്കും കരാറുകൾക്കും മുദ്രപത്രം തന്നെയാണ് ഉപയോഗിക്കേണ്ടി വരുന്നത്.