photo

വൈപ്പിൻ: മുനമ്പം മത്സ്യകയറ്റിറക്ക് തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മുനമ്പം ഹാർബർ എൻജിനിയറിംഗ് ഓഫീസ് ഉപരോധിച്ചു. ഹാർബറിന്റെ ശോചനീയവസ്ഥ പരിഹരിക്കുക, ലേലഹാളിന്റെയും വാർഫിന്റെയും അറ്റകുറ്റ പണി ഉടൻ ആരംഭിക്കുക, തകർന്നു കിടക്കുന്ന ഹാർബർ റോഡ് പുതുക്കി പണിയുക, ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയിൽ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും പ്രാതിനിധ്യം ഉറപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സമരം സി.പി.എം ലോക്കൽ സെക്രട്ടറി എ.എസ്. അരുണ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് എ.കെ ഗിരീഷ് അദ്ധ്യക്ഷനായി. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബോധ ഷാജി, എം.എം.ബി.എസ് പ്രസിഡന്റ് കെ.ബി രാജീവ്, ജോസഫ് ഓളാട്ടുപുറത്ത്, എ.കെ ഉല്ലാസ്, ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി പി.ബി. സാംബൻ, തരക് ഹെൽപ്പേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഇ.ടി. സുജോയ് എന്നിവർ സംസാരിച്ചു.