ആലുവ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെയും ആലുവ ഗവ. ഗസ്റ്റ് ഹൗസിന്റെയും സാമീപ്യമുള്ളതിനാൽ നെടുമ്പാശേരി, ആലുവ പൊലീസ് സ്റ്റേഷനുകളിലെ അമിത ജോലിഭാരം ഒഴിവാക്കാൻ വി.ഐ.പി ഡ്യൂട്ടിക്കായി പ്രത്യേക ടീമിനെ നിയോഗിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യന്ത്രി.
വിഷയം എം.എൽ.എ നേരത്തേ ഉന്നയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചതാണ്. ഇങ്ങനെയൊരു പ്രശ്‌നമോ ബുദ്ധിമുട്ടോ ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്നും എന്നാൽ എം.എൽ.എ വീണ്ടും ആവശ്യപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് തേടാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
വിമാനത്താവളം നെടുമ്പാശേരി പൊലീസ് സ്റ്റേഷന്റെയും ആലുവ ഗസ്റ്റ് ഹൗസ് ആലുവ നോർത്ത് പൊലീസ് സ്റ്റേഷന്റെയും പരിധിയിലാണ്. മുഖ്യമന്ത്രി, കേരള, ബംഗാൾ, ഗോവ ഗവർണമാർ തുടങ്ങിയവർ ജില്ലയിലെത്തിയാൽ സ്ഥിരമായി ആലുവ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. ഇവർക്കാവശ്യമായ സുരക്ഷ ഒരുക്കേണ്ടത് ആലുവ, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിലെ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥർ വി.ഐ.പി ഡ്യൂട്ടിക്ക് പോകുന്നതിനാൽ ലോക്കൽ സ്റ്റേഷനിലെ പല ജോലികൾക്കും തടസമുണ്ടാകുന്നുവെന്നാണ് പരാതി.
പൊലീസ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതിനാലാണ് വി.ഐ.പി ഡ്യൂട്ടി പ്രശ്മനമാകുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയതെന്നും സ്ഥലം ഡിവൈ.എസ്.പിയോടും ഡ്യൂട്ടി ചെയ്യുന്ന മറ്റുദ്യോഗസ്ഥരോടും റിപ്പോർട്ട് തേടിയിരുന്നെങ്കിൽ ഇങ്ങനെയൊരു മറുപടി ലഭിക്കില്ലെന്നും എം.എൽ.എ പറഞ്ഞു.