ചെല്ലാനം: നിർദ്ദിഷ്ട തീരദേശ ഹൈവയിലെ രണ്ടുമീറ്റർ വീതിയിലുള്ള സൈക്കിൾ ട്രാക്ക് ചെല്ലാനം പഞ്ചായത്തിൽ വിജയംകനാലിന്റെയും കല്ലഞ്ചേരി കായലിന്റെയും വശങ്ങളിലായി പുനർക്രമീകരിക്കണമെന്ന് വിജയംകനാൽ പഠനറിപ്പോർട്ടിന്മേലുള്ള ജനകീയ ചർച്ചായോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിൽ 9.36 കിലോമീറ്റർ നീളംവരുന്ന വിജയം കനാലിന്റെ അരികിലായി 6.79 കിലോമീറ്റർ നീളത്തിൽ 1.7 മീറ്റർ മുതൽ 4.7 മീറ്റർവരെ വീതിവരുന്ന കോൺക്രീറ്റ്, ടാർ നിർമ്മിതപാത നിലവിൽ ലഭ്യമാണ്. ശേഷിക്കുന്ന ഭാഗത്ത് 70%ൽ ഏറെ സ്ഥലങ്ങളിൽ ബലവത്തായ കൽച്ചിറകളുണ്ട്.
വിജയംകനാലിന്റെ സംരക്ഷണം, വികസന സാദ്ധ്യതകൾ എന്നിവ ലക്ഷ്യമാക്കി ആന്റണി ഷീലൻ ജനറൽ കൺവീനറായി കേരളപ്പിറവിദിനം മുതൽ വിജയംകനാൽ ഗ്രാമീണമേള വാരം, എ.ജെ. ബാസ്റ്റിൻ ജനറൽ കൺവീനറായി ഗാന്ധിജയന്തി ദിനംമുതൽ വിജയംകനാൽ സംരക്ഷണ വാരാചരണം എന്നിവ നടത്തുവാൻ തീരുമാനിച്ചു.
ആവശ്യങ്ങൾ
* പുത്തൻതോട് മുതൽ കൈതവേലിവരെ നിലവിൽ അംഗീകരിച്ചിട്ടുള്ള വേമ്പനാട് കായൽ ഡ്രഡ്ജിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫോർഷോർ റോഡ് നിർമ്മിച്ച് സൈക്കിൾ ട്രാക്ക് നടപ്പിലാക്കുക
* സൈക്കിൾ ട്രാക്കിന്റെ സ്ഥാനം മാറ്റുന്നതോടെ 2 മീറ്റർ സ്ഥലം ഏറ്റെടുക്കൽ ഒഴിവാക്കുക
* പദ്ധതിച്ചെലവ് ഗണ്യമായി കുറക്കുക
* സ്ഥലമെടുപ്പിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുക
വൻ ടൂറിസസാദ്ധ്യത തുറക്കുക
കനാൽ സമീപവാസികൾക്ക് പുതിയ യാത്രാമാർഗം തുറക്കുക
വിജയം കനാലിന്റെ സൗന്ദര്യവത്കരണവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുക
വിദേശരാജ്യങ്ങളിലെപ്പോലെ വായുമലിനീകരണ തോത് കൂടിയ ഹൈവേകൾ ഉപേക്ഷിച്ച് പ്രകൃതിസൗഹൃദ സൈക്കിൾ ട്രാക്കുകളാണ് അഭികാമ്യം
അഡ്വ. കെ. എക്സ്. ജൂലപ്പൻ,
ചെല്ലാനം കാർഷിക - ടൂറിസം വികസനസൊസൈറ്റി പ്രസിഡന്റ്
പാലങ്ങളുടെ സ്ഥിതി അപകടകരം
വിജയംകനാൽ സംരക്ഷണ ജാഗ്രതാസമിതി നടത്തിയ പഠനയാത്രയുടെ സമഗ്രമായ റിപ്പോർട്ട് അവതിപ്പിച്ചു. 26 പാലങ്ങളുള്ള വിജയംകനാലിൽ ഗൊണ്ടുപറമ്പ് പഴയപാലം, മറുവാക്കാട് ക്ഷേത്രം പാലം, കണ്ടക്കടവ് പാലം എന്നിവയുടെ സ്ഥിതി അത്യന്തം അപകടകരമാണ്. നീരൊഴുക്ക്, മാലിന്യ നിർമ്മാർജ്ജനം, കൈയേറ്റങ്ങൾ, ജലഗതാഗത തടസങ്ങൾ, ഓരുവെള്ള ഭീഷണി, അനന്തമായ ടൂറിസം സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങൾ സ്ഥിതിവിവര കണക്കുകൾ ഉൾപ്പെടെ പഠനറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സർക്കാർ വകുപ്പുകൾക്ക് നിവേദനം നൽകും.