ആലുവ: ദേശം - കാലടി റോഡിൽ പുറയാൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യം യാഥാർത്ഥ്യമാകുന്നു. പാലം നിർമ്മിക്കുന്നതിനായി സർക്കാർ 35 കോടിയോളം രൂപ അനുവദിച്ചതോടെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ടെൻഡർ നടപടികളാരംഭിച്ചു.
പാലത്തിന്റെ ടെൻഡർ കഴിഞ്ഞ ആറിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 24ന് ടെൻഡർ തുറക്കും. നടപടികൾ പൂർത്തീകരിച്ച് കരാറുകാർക്ക് വർക്ക് ഓർഡർ നൽകിയാൽ രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാകും. 626.84 മീറ്റർ നീളത്തിലും 10.15 മീറ്റർ വീതിയിലും മേൽപ്പാലവും 290 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും ഉൾപ്പെടെയാണ് നിർമ്മാണം. നിലവിൽ പുറയാർ റെയിൽവേ ഗേറ്റിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിർത്തിയിടേണ്ട അവസ്ഥയാണ്. പാലം യാഥാർത്ഥ്യമാകുന്നതോടെ കാലടി ഒഴിവാക്കി, പാറപ്പുറം, വല്ലം കടവ് പാലംവഴി കുറഞ്ഞ സമയം കൊണ്ട് പെരുമ്പാവൂരിലെത്താം.
തിരുവൈരാണിക്കുളം ക്ഷേത്ര നടതുറപ്പ് മഹോത്സവം, കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബാസ്ത്യനോസ് പുണ്യവാളന്റെ തിരുനാൾ എന്നീ സമയങ്ങളിൽ തീർത്ഥാടകർക്കും ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ എന്നീ മേഖലകളിലുള്ളവർക്കും ആലുവ, കാലടി ഭാഗങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.
പുറയാൽ റെയിൽവേ മേൽപ്പാലം വേണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. ദേശം - കാലടി റോഡിലെ ജനങ്ങളുടെ യാത്രാദുരിതവും അവസാനിക്കും. ടെൻഡർ നടപടി പൂർത്തീകരിച്ചാൽ എത്രയും വേഗം നിർമ്മാണം ആരംഭിക്കും
അൻവർ സാദത്ത്
എം.എൽ.എ