കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ നിന്നുള്ള ആദ്യ ജെനറേറ്റീവ് എ.ഐ വനിതാ സംരംഭകയായ നീതു മറിയം ജോയ് ആന്റലർ സംരംഭക റസിഡൻസി പരിപാടിയിൽ പങ്കെടുത്തു. പുതുതലമുറ ഇ കൊമേഴ്സ് സേവനങ്ങൾക്കുള്ള സെർച്ച് എൻജിനാണ് നീതു മറിയം ജോയുടെ സംരംഭം.
ആറ് ഭൂഖണ്ഡങ്ങളിലായി 27 സ്ഥലങ്ങളിലാണ് സിംഗപ്പൂർ ആസ്ഥാനമായ ആന്റലർ റെസിഡൻസി പരിപാടി നടക്കുന്നത്. ഏകാംഗ സംരംഭകരുടെ 9,200 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 110 പേരാണ് പങ്കെടുത്തത്. നീതു മൂന്നരവർഷത്തോളം രണ്ട് അന്താരാഷ്ട്ര കമ്പനികളിൽ എ.ഐ ശാസ്ത്രജ്ഞയായി ജോലി ചെയ്തിട്ടുണ്ട്. 2023 മാർച്ചിലാണ് സ്ഥാപനം ആരംഭിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്ഥാപനം 2023 സെപ്തംബറിൽ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സീഡ് ഫണ്ട് നേടിയിരുന്നു.