പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ രൂപപ്പെട്ടത് കണക്കിലെടുത്ത് യാത്ര സുഗമമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിനോട് ആവശ്യപ്പെട്ടതനുസരിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ടെൻഡർ പൂർത്തീകരിച്ചിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടത്തെ തുടർന്ന് മാറ്റിവച്ച ടെൻഡർ നടപടികൾ തിരഞ്ഞെടുപ്പിനുശേഷം രണ്ടുപ്രാവശ്യം ടെൻഡർ ചെയ്തെങ്കിലും പ്രവൃത്തി ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറായിട്ടില്ല. നിലവിൽ കരാറുകാർക്ക് പൂർത്തിയായിട്ടുള്ള പ്രവൃത്തിയുടെ പണം ലഭിച്ചിട്ടില്ല. ഒരു കരാറുകാരനെക്കൊണ്ട് പ്രവൃത്തി ഏറ്റെടുപ്പിച്ച് പൂർത്തിയാക്കാമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ. ബാബു എം.എൽ.എ അറിയിച്ചു. 20 ലക്ഷം രൂപയാണ് നിർമാണ ചെലവ്, ഇവിടെ താത്കാലികമായി ഒരുതവണ അറ്റകുറ്റപ്പണി നടത്തിയതാണ്. സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുവാനും ഈ പ്രവൃത്തി ഉടനടി നടക്കുമെന്ന് മനസിലാക്കിയിട്ടുമാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ സി.പി.എം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.