പെരുമ്പാവൂർ: മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തി പുത്തനാക്കിയ ജി.കെ പിള്ള റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും സമ്മാനിച്ച് വലിയ കുഴി രൂപപ്പെട്ടു. എം.സി റോഡിൽ നിന്ന് ആലുവ-മൂന്നാർ റോഡുമായി ബന്ധിപ്പിക്കുന്ന ജി.കെ പിള്ള റോഡിലെ കുഴുപ്പിള്ളി കാവിനു സമീപം സപ്ലൈകോ മാർക്കറ്റിനു മുൻവശത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. എം.സി റോഡിൽ നിന്ന് ഔഷധി ജംഗ്ഷന് മുമ്പ് ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഭാരവണ്ടികൾ തിരിച്ചുവിടുന്ന പ്രധാന റോഡാണിത്.
തകർന്ന ഭാഗങ്ങളെല്ലാം നന്നാക്കിയാണ് റോഡിലെ അറ്റകുറ്റ പണി പൂർത്തിയാക്കിയിരുന്നത്. എന്നൽ ടാറും ടൈലുകളും ഇളകി മഴവെള്ളം കെട്ടിക്കിടന്ന് വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ. ഓട്ടോറിക്ഷ, കാർ ,സ്കൂട്ടർ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ യാത്രികരുടെ നടുവൊടിക്കും വിധം ഗർത്തമാണിവിടെ. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. വഴിയാത്രക്കാർക്കും കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
അശാസ്ത്രീയ നിർമ്മാണം വിനയായി
വലിയ ടോറസുകളും ട്രെയിലറുകളും ഈ വഴിയാണ് കടന്നു പോകുന്നത്. എന്നാൽ, റോഡ് പുനർ നിർമ്മിച്ചപ്പോൾ ഇത്രയും ഭാരം താങ്ങാവുന്ന രീതിയിലല്ല പണി തീർത്തിരിക്കുന്നത്. ടൈൽ ഇടുന്നതിനു മുമ്പ് റോഡിന്റെ പ്രതലം കൃത്യമായി ഉറപ്പിക്കാത്തതും റോഡ് തകരാൻ കാരണമായി. ഒരു വർഷത്തിനിടെ 50 ലക്ഷത്തിലധികം രൂപ ഈ റോഡിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. കുഴിപ്പിള്ളിക്കാവ് മുതൽ എ.എം റോഡ് ഇറങ്ങുന്ന ഭാഗം വരെ വണ്ടികൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട് .
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റോഡ് തകരാൻ ഇടയാക്കിയത്. ഇതിന് ശാശ്വതമായ പരിഹാരം കാണണം. ഇല്ലെങ്കിൽ മുനിസിപ്പൽ ഓഫീസ് ഉപരോധം അടക്കമുള്ളസമരപരിപാടികളുമായി മുന്നോട്ടുപോകും
പി.അനിൽകുമാർ
പ്രസിഡന്റ്,
ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി