ai

കൊച്ചി: ജെനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(ജെൻ എ.ഐ) സാദ്ധ്യതകൾ വ്യവസായ സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും ലഭ്യമാക്കുന്നതിനായി പ്രമുഖ ആഗോള കമ്പനിയായ ഐ.ബി.എം കൊച്ചിയിൽ ജെൻ എ.ഐ ഇന്നവേഷൻ സെന്റർ ആരംഭിക്കുന്നു.

ബിസിനസ് മൂല്യവർദ്ധനയ്ക്കായി എ.ഐ വിന്യസിക്കുമ്പോൾ പരിമിതമായ അറിവും വൈദഗ്ദ്ധ്യ കുറവും പ്രോജക്ടുകളെ സങ്കീർണമാക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ ജെൻ എ.ഐ ഇന്നവേഷൻ സെന്ററിലൂടെ ഐ.ബി.എമ്മിലെ വിദഗ്ദ്ധരുടെ സേവനവും സഹായവും സാങ്കേതികവിദ്യകളും ലഭ്യമാക്കും.
ഐ.ബി.എമ്മും റെഡ് ഹാറ്റും സംയുക്തമായി വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യയായ ഇൻസ്ട്രക്‌ട് ലാബിലാണ് സെന്റർ തയ്യാറാക്കിയത്.
കൊച്ചി ഇൻഫോപാർക്കിലെ ഐ.ബി.എം ഇന്ത്യ സോഫ്‌റ്റ്‌വെയർ ലാബിന്റെ ഭാഗമായ സെന്റർ ഐ.ബി.എമ്മിന്റെ സാങ്കേതികവിദഗ്ദ്ധരാണ് നിയന്ത്രിക്കുന്നത്. എ.ഐ പ്രതിഭകളെയും ഇന്ത്യൻ എ.ഐ കമ്യൂണിറ്റിയെയും വളർത്താനും നൂതന മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് സെന്റർ സ്ഥാപിക്കുന്നതെന്ന് ഐ.ബി.എം സോഫ്‌റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്‌സ്) ദിനേഷ് നിർമ്മൽ പറഞ്ഞു.