കൊച്ചി: കലോത്സവത്തിനിടെ ഗ്രീൻ റൂമിലെത്തി കടന്നുപിടിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ കൊച്ചി സർവകലാശാല (കുസാറ്റ്) സ്റ്റുൻഡന്റ്സ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ പി.കെ. ബേബിക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) വിദ്യാർത്ഥിനി നൽകിയ പരാതി വൈസ് ചാൻസലർ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു. ഇടത് സിൻഡിക്കേറ്റ് അംഗമാണ് ബേബി.

കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. അന്ന് വിദ്യാർത്ഥിനി കുസാറ്റ് അധികൃതർക്കോ പൊലീസിനോ പരാതി നൽകിയിരുന്നില്ല. ഇടതുപക്ഷ പശ്ചാത്തലമുള്ള വിദ്യാർത്ഥിനി ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു. പിറ്റേന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ബേബിയെ കൈയേറ്റം ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന വി.സിക്ക് പരാതിയും നൽകി. പെൺകുട്ടിയുടെ പരാതി ലഭിക്കാത്തതിനാൽ അന്വേഷണം നടത്താനാവില്ലെന്ന നിലപാടായിരുന്നു അന്ന് അധികൃതർ സ്വീകരിച്ചത്.

നിർണായക സ്വാധീനമുള്ള സിൻഡിക്കേറ്റ് അംഗത്തെ സ്ഥാനത്ത് നിന്നു നീക്കാമെന്ന ഉറപ്പ് പാർട്ടി പാലിക്കാത്തതിനാലാണ് യുവതി പരാതി നൽകിയതെന്നു കരുതുന്നു.

പി.കെ. ബേബിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വി.സിക്ക് കത്തുനൽകി. കെ.എസ്.യു ക്യാമ്പസിൽ പി.കെ. ബേബിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു. ഐ.സി.സി അന്വേഷണം പുരോഗമിക്കുകയാണ്.