കൊച്ചി: സാങ്കേതികാധിഷ്ഠിത സംരംഭങ്ങളുടെ ആഗോളമേഖലയായി കേരളത്തെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരാൻ സംഘടിപ്പിക്കുന്ന ജെനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺക്ലേവ് (ജെൻ എ.ഐ) 11,12 തിയതികളിൽ കൊച്ചിയിൽ നടക്കും.
പൊതുസേവനങ്ങൾ സുതാര്യവും കാര്യക്ഷമമവുമാക്കുന്നതിന് നൂതനസാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പദ്ധതിരേഖയും സമ്മേളനത്തിൽ രൂപപ്പെടുത്തും. രാജ്യത്തെ ആദ്യ ജെൻ എ.ഐ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.15ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ ഐ.ബി.എമ്മുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺക്ലേവ് ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ്.
വിജ്ഞാനാധിഷ്ഠിതസമൂഹവും സമ്പദ്‌വ്യവസ്ഥയുമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്ന സമയത്താണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ജെൻ എ.ഐ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ദ്ധരും വ്യവസായപ്രമുഖർ, നയരൂപീകർത്താക്കൾ, ഐ.ബി.എമ്മിന്റെ പങ്കാളികൾ, സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങി ആയിരത്തോളം പ്രതിനിധികളും പങ്കെടുക്കും.
അവതരണങ്ങൾ, പാനൽ ചർച്ചകൾ, ആശയവിനിമയ സെഷനുകൾ എന്നിവയ്ക്കു പുറമെ ഇന്നവേറ്റീവ് ഡെവലപ്പർ പ്ലേ ഗ്രൗണ്ട് എന്ന സംവിധാനത്തിലൂടെ എ.ഐ നേരിട്ട് അനുഭവിച്ചറിയാനുള്ള സൗകര്യവും ഒരുക്കും.