കൊച്ചി: ലഹരിമരുന്ന് കേസ് പ്രതിക്ക് 12 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നായരമ്പലം പാരിക്കുഴി വീട്ടിൽ അജയകുമാറി(കണ്ണൻ) നെയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് വി. പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്. രണ്ടാം പ്രതി കിഷോറിനെ കോടതി തെളിവിന്റെ അഭാവത്തിൽ വെറുതെ വിട്ടു. മുനമ്പം റോഡിൽ നെടുങ്ങാട് എ.ടി.എച്ച് ജംഗ്ഷനിൽ വച്ച് 2016 ഏപ്രിൽ 18ന് 70 ബ്യൂപ്രിനോർഫിൻ ആംപ്യൂളുകൾ പിടിച്ചെടുത്ത കേസിലാണ് ശിക്ഷാവിധി. കൊച്ചി എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ മജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി.