gun

കൊച്ചി: തോക്കിൻ മുനയിൽ നിറുത്തി മർദ്ദിച്ചയാളെ കളിത്തോക്ക് ചൂണ്ടി യുവാവ് വിറപ്പിച്ചു! കൊച്ചി നഗരമാണ് നാടകീയ സംഭവങ്ങൾക്ക് വേദിയായത്. യുവാക്കൾ തമ്മിലുള്ള വാക്കുതർക്കം പിന്നീട് തോക്ക് ചൂണ്ടലിലേക്കുവരെ കാര്യങ്ങൾ എത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് എറണാകുളം നെട്ടേപ്പാടം റോഡിൽ ഒരു സ്പായിലെ മാനേജറായ ചിറ്റൂർ സ്വദേശിയെയാണ് കളിത്തോക്ക് ചൂണ്ടി വിറപ്പിച്ചത്. ഇയാളുടെ പരാതിയിൽ മട്ടാഞ്ചേരി സ്വദേശിയായ 41കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടിയത് കളിത്തോക്കാണെന്ന് കണ്ടെത്തിയതോടെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മേയ് 28നാണ് സംഭവങ്ങൾക്ക് തുടക്കം. മട്ടാഞ്ചേരി സ്വദേശിയായ 41കാരൻ നെട്ടേപ്പാടം റോഡരികിൽ വച്ച തന്റെ ബൈക്ക് എടുക്കുന്നതിനിടെ സ്പാ ജീവനക്കാരന്റെ സുഹൃത്തിന്റെ ബൈക്ക് മറിഞ്ഞുവീണ് കേടുപാടുപാട് പറ്റിയിരുന്നു. അന്ന് ബൈക്കുപോലും എടുത്തുവയ്ക്കാതെ 41കാരൻ സ്ഥലംവിട്ടു. ഇതിന്റെ വൈരാഗ്യത്തിന് മട്ടാഞ്ചേരി സ്വദേശി താമസിക്കുന്ന നെട്ടേപ്പാടത്തുള്ള ലോഡ്ജിലെത്തി ചിറ്റൂർ സ്വദേശിയും സുഹൃത്തുക്കളും ഇയാളെ പിസ്റ്റൾ മുനയിൽ നിറുത്തുകയും മർദ്ദിച്ച് അവശനാക്കി മൊബൈലും 5,500 രൂപയും കൈക്കലാക്കുകയും ചെയ്തു. അന്ന് മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിൽ അറസ്റ്റിലായ സ്പാ ജീവനക്കാരൻ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ഇക്കാര്യം അറിഞ്ഞ മട്ടാഞ്ചേരി സ്വദേശി വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ സ്പായിലെത്തി കളിത്തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തോക്കിന് സമാനമായ ലൈറ്ററായിരുന്നു ഇയാൾ ഉപയോഗിച്ചത്. ഏതാനും നേരം ഇയാൾ ചിറ്റൂർ സ്വദേശിയെ മുൾമുനയിൽ നിറുത്തി. 41കാരൻ സ്ഥലംവിട്ടതിന് പിന്നാലെ സെൻട്രൽ സ്‌റ്റേഷനിൽ പരാതിയെത്തി. ഇന്നലെ രാവിലെയാണ് പൊലീസ് 41കാരനെ അറസ്റ്റ് ചെയ്തത്. തനിക്ക് നേരെ തോക്കുചൂണ്ടിയതിന്റെ പ്രതികാരമാണെന്നാണ് ഇയാളുടെ മൊഴി. പരാതിക്കാരനും പ്രതിയും പ്രദേശത്തെ സ്ഥിരം തലവേദനക്കാരാണെന്ന് പൊലീസ് പറയുന്നു.