p

കൊച്ചി: ശ്രീനാരായണ ധർമ്മ പ്രചാരകയായ ആറാംക്ലാസുകാരി ഗൗരിനന്ദയുടെ പ്രഭാഷണത്തിന് കാതോർത്ത് മറുനാടൻ മലയാളികളും. അടുത്തമാസം 20നാണ് പൂനെ ശ്രീനാരായണ ഗുരു സമിതിയിൽ ഗൗരിയുടെ 53-ാമത് പ്രഭാഷണം.

എസ്.എൻ.ഡി.പി യോഗം മലയാറ്റൂർ ഈസ്റ്റ് ശാഖാംഗവും ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ലളിതഗാനം എഴുതി സ്വയം ചിട്ടപ്പെടുത്തി ആലപിച്ച് ശ്രദ്ധേയനായ മലയാറ്റൂർ കാടപ്പാറ ഈട്ടുങ്ങപ്പടി ദുർഗ ദാസിന്റെയും ജിഷയുടേയും രണ്ടുമക്കളിൽ ഇളയവളുമാണ് ഗൗരി നന്ദ.

മൂന്നാംവയസിൽ മാതാപിതാക്കൾക്കൊപ്പം കുടുംബയോഗങ്ങളിൽ പങ്കെടുത്തപ്പോൾ തുടങ്ങിയതാണീ ഗുരുഭക്തി. അവിടെ ഓരോരുത്തരും പറയുന്നതൊക്കെ ശ്രദ്ധിക്കുന്ന ശീലം അന്നേ ഉണ്ടായിരുന്നു. വീട്ടിലെ പ്രാർത്ഥനയിലും ഗൗരവത്തോടെ പങ്കെടുക്കും. അതിനൊപ്പം അമ്മ പറഞ്ഞുകൊടുത്ത ഗുരുദേവ കഥകളും കൂടിയായപ്പോൾ ഗൗരിക്ക് ആത്മവിശ്വാസമായി. മൂന്നരവയസുള്ളപ്പോൾ അയൽപക്കത്തെ കുടുംബയോഗത്തിന്റെ വാർഷികത്തിൽ ആദ്യമായി 'വയൽവാരം വീട്ടിലെ കൊച്ചു നാണു'വിന്റെ കഥ പറഞ്ഞു. അന്ന് കിട്ടിയ കൈയടിയും പ്രോത്സാഹനവുമാണ് കൊച്ചുമിടുക്കിയിലെ പ്രഭാഷകയെ വിളിച്ചുണർത്തിയത്. പിന്നീട് പലതവണ സ്വന്തം ശാഖയിലും കൊച്ചുകൊച്ചു പ്രഭാഷണങ്ങൾ പറഞ്ഞു. അയൽപക്ക ശാഖകളിലും ക്ഷണമുണ്ടായി.

 ആറു വർഷം 52 വേദി

ആറ് വർഷത്തിനിടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 52 വേദികളിൽ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ഈഴവ ചരിത്രം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ശിവിഗിരി ശ്രീനാരായ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയും എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണനുമൊക്കെ ഗൗരിനന്ദയുടെ പ്രഭാഷണ പാടവത്തെ അകമഴിഞ്ഞ് അനുമോദിച്ചിട്ടുണ്ട്. അടുത്തിടെ ഒരുസ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിലൂടെ ഗൗരി മറുനാടൻ മലയാളികൾക്കിടയിലും ശ്രദ്ധേയയായി. ഇതോടെയാണ് ഇത്തവണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പൂനെ ശ്രീനാരായണ ഗുരുസമിതിയിൽ പ്രഭാഷണത്തിന് ക്ഷണം ലഭിച്ചത്.