കൊച്ചി: റെയിൽപാളങ്ങൾ മുറിച്ചുകടക്കാൻ ഉപയോഗിക്കുന്ന അനധികൃത നടവഴികളും യാർഡുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന മേഖലകളും അടച്ചുകെട്ടി സംരക്ഷിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ റെയിൽവേ. ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറുന്നതിനിടെ ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് (17) ഷേക്കേറ്റ് മരിച്ച സംഭവത്തെ തുടർന്നാണ് നീക്കം. എതിർപ്പുകളുണ്ടാകുമെങ്കിലും അപകട സാദ്ധ്യതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ച് സുരക്ഷ വർദ്ധിപ്പിക്കാനാണ് തീരുമാനം. അനധികൃത നടവഴിയിലൂടെയാണ് 17കാരനും സുഹൃത്തുക്കളും നിരോധിതമേഖലയിൽ പ്രവേശിച്ചത്.

സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയിട്ടില്ലെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. ആർ.പി.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറും.

ഞാറാഴ്ച വൈകിട്ടാണ് ആന്റണി ജോസ് ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും സുഹൃത്തുക്കളും. ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു. മറുഭാഗത്തേക്ക് ഇറങ്ങാൻ ആന്റണി ട്രെയിനിന്റെ വശത്തെ കോണിയിലൂടെ മുകളിലേക്ക് കയറുകയായിരുന്നു. വൈദ്യുത ലൈനിന്റെ രണ്ട് മീറ്റർ അടുത്ത് എത്തിയപ്പോൾ തന്നെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾ പൂ‌ർത്തിയാക്കി മൃതദേഹം ഇന്നലെ രാവിലെ ബന്ധുക്കൾക്ക് കൈമാറി. സംസ്‌കാരം വൈകിട്ട് അഞ്ചിന് പോണേൽ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ നടന്നു. നിരവധി സുഹൃത്തുക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.